സഭാതര്‍ക്കം: സർക്കാർ നിയമത്തിനു അതീതരോയെന്ന വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്സ് യാക്കോബായ സഭാതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അരുണ്‍ മിശ്ര കോടതിയില്‍ ക്ഷുഭിതനായി. സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കും എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അരുണ്‍ മിശ്ര പറഞ്ഞു.

കേരള സര്‍ക്കാര്‍ നിയമത്തിനു മുകളിലാണോ എന്നും കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് മിശ്ര ആരോപിച്ചു. ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ കോടതി അഭിഭാഷകനോട് നിര്‍ദേശിച്ചു. കട്ടച്ചല്‍, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേയാണ് സര്‍ക്കാരിന് കോടതിയുടെ ശകാരമുണ്ടായത്.

1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന് 2017 ജൂലൈയില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷവും വിഷയത്തില്‍ ഹര്‍ജികള്‍ വരുന്നതില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.

Top