സഭാ തര്‍ക്കം;സര്‍ക്കാരിന് അന്ത്യശാസനവുമായി ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഓര്‍ത്തഡോക്‌സ് സഭ.സഭാ തര്‍ക്കത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ അന്ത്യശാസനം. നടപടിയുണ്ടായില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നും സഭ വ്യക്തമാക്കി.

മലങ്കര അവകാശം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായ വിധിയാണ് സുപ്രീംകോടതി വിധിച്ചത്.1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന് 2017 ജൂലൈയിലാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

സഭാ തര്‍ക്കം സമവായ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനുള്ള സര്‍ക്കാറിന്റെ അനുനയ ശ്രമത്തോട് പ്രതിഷേധ നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും വിജയിച്ചില്ല.

ഇതിനിടെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് സഭ അറിയിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.

Top