പുതിയ ബില്ല് നീതിനിഷേധത്തിന്റെ തെളിവ്; ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

തിരുവല്ല: സെമിത്തേരി ബില്ലിനെതിരെ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭക്കെതിരെ പടയൊരുക്കം നടക്കുകയാണെന്ന് ഓര്‍ത്ത്‌ഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.

ബില്ലിലൂടെ ക്രിസ്ത്യന്‍ സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സഭാ തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഓര്‍ത്ത്‌ഡോക്‌സ്-യാക്കോബായ തര്‍ക്കം തുടരണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ബില്‍ അതിനുവേണ്ടിയാണെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി. തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തയ്യാറാകണമെന്നും കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.

നീതി ലഭിച്ചിട്ടും അത് അനുഭവിക്കാന്‍ കഴിയാത്ത സ്ഥിതിയണ് ഓര്‍ത്ത്‌ഡോക്‌സ് സഭയക്ക് നിലവിലുള്ളത്. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ ബില്ല് നീതിനിഷേധത്തിന് തെളിവാണന്നും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആരോപിച്ചു.

അതിനിടെ, ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്‌കാര തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ക്രിസ്ത്യന്‍ സെമിത്തേരി ബില്ലിനെതിരെ സിറോ മലബാര്‍ സഭയും രംഗത്ത് വന്നു. ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും കൃത്യതയില്ലാത്തുമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ ഇടയാക്കുന്നതാണ് പുതിയ ബില്ലെന്നും അതിനാല്‍ ഇത് കൂടുതല്‍ സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളിലേക്ക് പോകാന്‍ കാരണാകുമെന്നും സഭ ചൂണ്ടിക്കാണിക്കുന്നു.

എല്ലാ ക്രിസ്ത്യന്‍ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവര്‍ക്കും സ്വീകാര്യവുമായിരിക്കണം പുതിയ ബില്ലെന്നും സഭ ആവശ്യപ്പെട്ടു. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബില്‍ ഉപകരിക്കും. എന്നാല്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സെമിത്തേരികളെയും മൃത സംസ്‌കാര ശുശ്രൂഷകളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. അതിനാല്‍ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Top