അനാഥനെന്ന വിളിയിൽ തെറ്റില്ല; പൊതുതാത്പര്യ ഹർജി തള്ളി കോടതി

ബോംബെ: അനാഥനെന്ന വിളിയിൽ സാമൂഹിക അപമാനമില്ലെന്ന് ബോംബെ ഹൈക്കോടതി. അനാഥരെ വിശേഷിപ്പിക്കാൻ ‘സ്വനാഥൻ’ എന്ന വാക്ക് ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സ്വനാഥ് ഫൗണ്ടേഷൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജാംധർ എന്നിവരുടെ ബഞ്ചാണ് തള്ളിയത്.

മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് അനാഥനെന്ന വിളി കേൾക്കുമ്പോൾ നിസഹായനാണെന്ന തോന്നലുണ്ടാവും. എന്നാൽ, അവരെ വിശേഷിപ്പിക്കാൻ സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ സ്വയം പര്യാപ്തതയുള്ള, ആത്‌മവിശ്വാസമുള്ളയാളെന്ന് തോന്നുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. എന്നാൽ, അനാഥൻ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ആ വാക്ക് സാമൂഹിക അപമാനമാണെന്ന വാദം അംഗീകരിക്കാനാവില്ല. അത് മാറ്റേണ്ടതില്ല. അനാഥൻ എന്നുപയോഗിക്കുന്നതിൽ എന്ത് അപമാനമാണുള്ളത് എന്ന് കോടതി ചോദിച്ചു. ഇംഗ്ലീഷിൽ ഈ വാക്ക് വാക്ക് ഓർഫൻ എന്നാണ്. വാക്ക് മാറ്റണമെന്നു പറയാൻ ഹർജിക്കാരൻ ആരാണ്? ഭാഷയെക്കുറിച്ച് അയാൾക്ക് എന്തറിയാമെന്നും കോടതി ചോദിച്ചു.

Top