Orlando Shooting: Donald Trump Crows He Was ‘Right’ On Islamist Threat

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള നിശാക്ലബ്ബില്‍ നടന്ന കൂട്ടക്കൊല ഇസ്ലാമിനെതിരെയുള്ള തന്റെ തീവ്രനിലപാട് ശരിവെക്കുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

താന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മുസ്ലിംങ്ങള്‍ക്ക് അമേരിക്കയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന മുന്‍പ്രസ്താവനയും ട്രംപ് ആവര്‍ത്തിച്ചു.

മുസ്ലിം തീവ്രവാദത്തിന് മറ്റൊരു തെളിവ് കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെയ്‌പ്പെന്ന് പറഞ്ഞ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

മുസ്ലിം തീവ്രവാദമാണ് രാജ്യത്ത് നടന്നതെന്ന് പറയാന്‍ മടിക്കുന്ന ഒബാമ രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലതെന്ന് ട്രംപ് കുറ്റപ്പെടുത്തി. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാത്ത ഹിലരി ക്ലിന്റന് മത്സരരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ട്രംപ് പറഞ്ഞു.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുന്നത് അപകടമാണെന്നും ഇത് തുടക്കം മാത്രമാണെന്നും ട്രംപ് തന്റെ ട്വീറ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നു പറഞ്ഞ് ട്രംപ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള ട്രംപിന്റെ നീക്കവും കടുത്ത വിമര്‍ശനത്തിനിരയായി.

അക്രമി നടത്തിയ വെടിവെപ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം ഇന്നലെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

തോക്കുമായി എത്തിയ അക്രമി പാര്‍ട്ടിയുടെ അവസാനഘട്ടത്തില്‍ നൃത്തം ചെയ്യുകയായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ് ദുരന്തമാണിത്.

Top