ഡോക്ടര്‍ ഷഹനയുടെ മരണം: കേസിന് പിന്നാലെ റുവൈസിനെതിരെ സംഘടന നടപടി

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഡോക്ടര്‍ റുവൈസിനെതിരെ സംഘടനാ നടപടിയും. മെഡിക്കല്‍ പി ജി അസോസിയേഷനാണ് ഡോക്ടര്‍ റുവൈസിനെതിരെ സംഘടനാ നടപടി സ്വീകരിച്ചത്. ഡോക്ടര്‍ റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതായി മെഡിക്കല്‍ പി ജി അസോസിയേഷന്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പി ജി വിദ്യാര്‍ത്ഥിയാണ് റുവൈസ്. ഡോ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയാണ് പി ജി അസോസിയേഷന്‍ റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കയതായി അറിയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

അതിനിടെ ഷഹനയുടെ മരണത്തില്‍ റുവൈസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

Top