സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ കടുത്ത ആശങ്ക; നാഗാലാന്‍ഡ് മുഖ്യമന്ത്രിയ്ക്ക് ഗവര്‍ണറുടെ കത്ത്

കൊഹിമ: അരഡസനോളം സായുധ സംഘങ്ങള്‍ ക്രമസമാധാന സംവിധാനത്തെ നിത്യേന വെല്ലുവിളിക്കുന്നുവെന്ന് കാട്ടി നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍.എന്‍.രവി മുഖ്യന്ത്രി നെഫ്യൂ റിയോക്ക് കത്തയച്ചു.

സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ കടുത്ത ആശങ്കപ്രകടിപ്പിച്ച ഗവര്‍ണര്‍ ഭരണഘടനയുടെ അനുച്ഛേദം 371 (എ) പ്രകാരം നല്‍കിയിട്ടുള്ള അധികാരം താന്‍ വിനിയോഗിക്കുമെന്നും തുറന്നടിച്ചു.

ജൂണ്‍ 16ന് എഴുതിയ നാല് പേജുള്ള കത്തില്‍ അതിര്‍ത്തിയിലെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു,ജനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റവും അടക്കമുള്ള പ്രധാനപ്പെട്ട ക്രമസമാധാന തീരുമാനങ്ങള്‍ തന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2019 ആഗസ്റ്റിലാണ് രവി നാഗാലാന്‍ഡ് ഗവര്‍ണറായി അധികാരമേറ്റത്. നാഗ സമാധാന ചര്‍ച്ചകളില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരെ കൊള്ളയടിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാന്‍ 2020 ജനുവരിയില്‍ ചീഫ് സെക്രട്ടറിയെയും പോലീസ് ജനറല്‍ ജനറലിനെയും ഉപദേശിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് രവി തന്റെ കത്തില്‍ നിരാശ പ്രകടിപ്പിച്ചു.

സായുധരായ അക്രമികള്‍ വനഭൂമിയില്‍ അതിക്രമിച്ചു കടക്കുന്നതിനെക്കുറിച്ചും വനനശീകരണത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേ സമയം ഗവര്‍ണറുടെ കത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) നേതാവ് നെഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2018-ലാണ് നഗാലാന്‍ഡില്‍
അധികാരമേറ്റത്. ഭരണമുന്നണിയുടെ പ്രധാന സഖ്യകക്ഷി ബിജെപിയാണ്.

Top