ഓര്‍ഗാനിക് ഇന്ത്യ, ന്യൂട്ടി ഹെല്‍ത്തിന്റെ ഓഹരികള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: എത്ത്‌നിക്‌വെയര്‍ റീട്ടെയ്‌ലറായ ഫാബ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജൈവ , ഭക്ഷ്യ സപ്ലീമെന്റ്‌സ് സംരംഭമായ ഓര്‍ഗാനിക് ഇന്ത്യ, ന്യൂട്ടി ഹെല്‍ത്തിന്റെ ഓഹരികള്‍ വാങ്ങും. വ്യക്തിഗത ന്യൂട്രീഷന്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ന്യൂട്രിഷനിസ്റ്റ് ശിഖാ ശര്‍മയുടെ ഉടമസ്ഥയിലുള്ളതാണ് ന്യൂട്രിഹെല്‍ത്ത്.

ഡല്‍ഹി ആസ്ഥാനമായുള്ള ന്യൂട്രി ഹല്‍ത്തിന്റെ 20 മുതല്‍ 40 ശതമാനം വരെയുള്ള ഓഹരികളാണ് ഓര്‍ഗാനിക് ഇന്ത്യ വാങ്ങുക. കരാറിനുള്ള ധാരണപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടതായി കമ്പനിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ന്യൂട്രീ ഹല്‍ത്ത് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വണ്‍ഹെല്‍ത്ത് വെഞ്ച്വേഴ്‌സില്‍ നിന്ന് 2016ല്‍ 12 കോടി രൂപയുടെ നിക്ഷേപങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വ്വേദ തത്വങ്ങളും സമന്വയിപ്പിച്ച് കൊണ്ട് വ്യക്തിഗത ഭക്ഷണ പദ്ധതികളായ ന്യൂട്രീ ജനറ്റിക്‌സ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായായിരുന്നു ഈ നിക്ഷേപം നടത്തിയത്.

ഓഷോയുടെ മുന്‍ ശിഷ്യനായ യോവ് ലെവും ഭാര്യ ഭവാനിയും ചേര്‍ന്നാണ് 1997ല്‍ ഓര്‍ഗാനിക് ഇന്ത്യ സ്ഥാപിച്ചത്. 2016-17ല്‍ കമ്പനിയുടെ വരുമാനം 350 കോടി രൂപയായിരുന്നു. ഓര്‍ഗാനിക് ഉത്പ്പന്നങ്ങളുടെ ആവശ്യകതയിലുണ്ടാകുന്ന വര്‍ധന മുന്‍നിര്‍ത്തി 2020 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

Top