അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനായി നടപടിയുമായി സര്‍ക്കാര്‍

കൊച്ചി : മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനായി നടപടിയുമായി സര്‍ക്കാര്‍. അവയവദാനത്തിന്റെ ഏകോപനത്തിനായി സ്‌പെഷല്‍ ഓഫീസറെയും നാല് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ എം കെ അജയകുമാറിനാണ് ചുമതല.

സ്തംഭനാവസ്ഥയിലായ മസ്തിഷ്‌ക മരണാനന്തര അവയവദാനം പുനര്‍ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റ അടിയന്തര ഇടപെടല്‍.

എറണാകുളം മേഖലയില്‍ രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലര്‍മാരെയും നിയോഗിച്ചു.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ കോര്‍ഡിനേററര്‍മാരെയും നിയമിച്ചു. എല്ലാ മസ്തിഷ്‌ക മരണങ്ങളും സര്‍ട്ടിഫൈ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി സമിതിയേയും നിയോഗിച്ചു.

സ്വകാര്യ ആശുപത്രികളില്‍ രോഗിയുടെ ബന്ധുക്കളോട് അവയവദാനത്തെക്കുറിച്ച് സംസാരിക്കുന്നതിനായി സര്‍ക്കാര്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമും രൂപീകരിച്ചു. എറണാകുളം മേഖലയിലായിരിക്കും തുടക്കം.

രണ്ടു ഘട്ടങ്ങളിലായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുമ്പോള്‍ സംഘത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍ ഒരാള്‍ തന്നെയായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

Top