ആംആദ്മിക്ക് തിരിച്ചടി, ഗുജറാത്തില്‍ 150ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചു

വഡോദര: ഗുജറാത്തില്‍ കാലുറപ്പിക്കാന്‍ ശ്രമം നടത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആനന്ദ് ജില്ലയിലെ 150ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് തിരിച്ചടിയായത്.

ആംആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

ആംആദ്മി പാര്‍ട്ടി കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവ് രവി പട്ടേലിന്റെ നേതൃത്വത്തിലാണ് രാജി. ആറ് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഒരു ഇടപെടലും ഉണ്ടായില്ല. അതിനാലാണ് ഇപ്പോഴത്തെ രാജിയെന്ന് രവി പട്ടേല്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വം താഴെ തട്ടിലെ കമ്മറ്റികളെ വിശ്വാസത്തിലെടുക്കുന്നില്ലെങ്കില്‍ വരുന്ന 12 മാസം ആംആദ്മി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന പ്രചരണം സംഘടിപ്പിക്കുമെന്നും രവി പട്ടേല്‍ പറഞ്ഞു. വിമതര്‍ തങ്ങളുടെ രാജിക്കത്ത് ദേശീയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനാണ് അയച്ചത്.

Top