പ്രക്ഷോഭം ശക്തം; എഴുന്നൂറോളം ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷക സംഘടനകളുടെ പ്രതിഷേധം ശക്തം. റെയില്‍പാളങ്ങളും റോഡുകളും ഉപരോധിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായി ഡല്‍ഹിയിലേക്ക് എത്തിച്ചേരുകയാണ്.

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്കുള്ള യാത്ര ഇന്ന് ആരംഭിച്ചിട്ടുണ്ട്. എഴുന്നൂറോളം ട്രാക്ടറുകളിലായാണ് ഇവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയായ കുണ്ഡിലിയിലേക്കാണ് ഇവര്‍ എത്തുക.

അതേസമയം, കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏതുസമയവും ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top