സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട്; ഗവര്‍ണര്‍ ഒപ്പിട്ടു, ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിന്റെ പേര്. സംസ്ഥാന ദുരന്തന്തങ്ങളോ, പകര്‍ച്ച വ്യാധികളോ പിടിപെട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കുന്നതാണ് ഓര്‍ഡിനന്‍സ്.

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്നും അത് നിയമപരമല്ലെന്നുമായിരുന്നു കോടതി വിധിച്ചത്.

അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനും ബാധകമാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വേണമെങ്കില്‍ അപ്പീല്‍ പോകട്ടേയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

Top