വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

വയനാട്: വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്. വനംവകുപ്പ് മന്ത്രിയുടെ നിര്‍ദേശം പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്. നരഭോജികളയ വന്യ ജീവികളെ കൊല്ലാന്‍ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11 (1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കില്‍ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, വയനാട് വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്ഷീര കര്‍ഷകന്‍ പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് പുല്ലരിയാന്‍ പോയ പ്രജീഷിന്റെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഡിഎഫ്ഒയും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രദേശവാസികള്‍ അനുവദിച്ചത്. കടുവയെ നരഭോജിയെന്ന് പ്രഖ്യാപിക്കുന്ന റിപ്പോര്‍ട്ട് സിസിഎഫിന് കൈമാറുമെന്ന് ഡിഎഫ്ഒ ഷജ്ന കരീം വ്യക്തമാക്കിയിരുന്നു.കുടുംബത്തിനുള്ള ധനസഹായം, വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിംഗ്, കാടുവെട്ടിത്തെളിക്കാന്‍ സ്വകാര്യ ഭൂവുടമകളോട് നിര്‍ദേശം നല്‍കല്‍, പ്രജീഷിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ഉപാധികളും അംഗീകരിച്ചിട്ടുണ്ട്.

Top