നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്

തൃശ്ശൂര്‍:’സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയാണ് സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. നിക്ഷേപത്തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന പ്രവീണ്‍ റാണ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അന്വേഷണസംഘത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് നടപടി.

തൃശ്ശൂര്‍ ആദംബസാര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ‘സേഫ് ആന്‍ഡ് സ്ട്രോങ്’ ഓഫീസുകള്‍, വിവിധയിടങ്ങളിലെ ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി ലിമിറ്റഡ്’ ഓഫീസുകള്‍, റാണയുടെയും കൂട്ടുപ്രതികളുടെയും പേരിലുള്ള മറ്റുസ്വത്തുക്കള്‍ എന്നിവയാണ് കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. അതത് മേഖലകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ചുമതല.

തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ‘സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷേപകമ്പനിയുടെ പേരില്‍ 200 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതുവരെ ഇരുന്നൂറിലേറെ കേസുകളും തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവീണ്‍ റാണക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top