Order of vigilance inquiry against ADGP R Sreelekha for fund misuse

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള ആരോപണങ്ങളില്‍ ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ ശ്രീലേഖയുടെ നില പരുങ്ങലിലായി.

മുഖ്യമന്ത്രിക്ക് ദൈനംദിന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്റലിജന്‍സിന്റെ മേധാവിക്കെതിരെ സ്വന്തം മന്ത്രിസഭയിലെ ഒരംഗം തന്നെ അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയതിനാല്‍ ഇക്കാര്യത്തില്‍ ഇനി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയെ രഹസ്യ പൊലീസ് തലപ്പത്ത് തുടരാന്‍ അനുവദിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്ക സര്‍ക്കാര്‍ വൃത്തങ്ങളിലുണ്ട്.

അന്തിമ തീരുമാനം മുഖ്യമന്ത്രി തന്നെയെടുക്കട്ടെയെന്ന നിലപാടിലാണ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ തന്നെ യുഡിഎഫ് ഭരണകാലത്ത് നിയമിതനായ ഹേമചന്ദ്രനെ തെറിപ്പിച്ചാണ് ശ്രീലേഖയെ പദവിയില്‍ നിയമിച്ചിരുന്നത്.

നിയമനം നല്‍കി ആറ് മാസം പോലുമാകാത്ത സാഹചര്യത്തില്‍ അവരെ മാറ്റിനിര്‍ത്തണമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ധര്‍മ്മസങ്കടത്തിലാണ്.

ഗുരുതര ആരോപണങ്ങളില്‍പ്പെട്ട് വിജിലന്‍സ് കേസില്‍ പ്രതിയായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരെ കര്‍ക്കശ നടപടി വേണമെന്നും ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കാത്ത പശ്ചാത്തലത്തില്‍ ശ്രീലേഖയെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുവെന്ന കാരണത്താല്‍ മാറ്റുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഐഎഎസുകാര്‍ക്ക് ഒരു നിയമവും ഐപിഎസുകാര്‍ക്ക് മറ്റൊരു നിയമവും എന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഒരേ ബാച്ചുകാരായ ടോമിന്‍ തച്ചങ്കരിയും ശ്രീലേഖയും തമ്മിലുള്ള കുടിപ്പകയാണ് ശ്രീലേഖക്ക് ഇപ്പോള്‍ വിനയായിരിക്കുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം.

ശ്രീലേഖക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ടോമിന്‍ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ടാണ് ശ്രീലേഖക്ക് ഇപ്പോള്‍ കുരുക്കായിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വകുപ്പില്‍ നടന്ന ക്രമക്കേടുകളും റോഡ് സുരക്ഷാ ഫണ്ട് ദുരുപയോഗം ചെയ്തതുമടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു തച്ചങ്കരിയുടെ ശുപാര്‍ശ. ഇതാണ് ഇപ്പോള്‍ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അംഗീകരിച്ച് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.

പാലക്കാട് ആര്‍ടി ഓഫീസ് എയര്‍കണ്ടീഷന്‍ ചെയ്യാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതി നല്‍കി, എഎംവിഐ,എംവിഐ തസ്തികകളിലെ സ്ഥലം മാറ്റങ്ങള്‍, സ്ഥാനം ഒഴിഞ്ഞ ശേഷവും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനവും മൊബൈല്‍ ഫോണും ഉപയോഗിച്ചത്, താമസിക്കുന്ന വീട്ടിലേക്കുള്ള സ്വകാര്യ റോഡില്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നടത്തിയ അറ്റകുറ്റപ്പണി , ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, വകുപ്പിനു വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങി നിരവധി ആരോപണങ്ങളാണ് ശ്രീലേഖക്കെതിരെയുള്ളത്.

സാധാരണ വിജിലന്‍സ് അന്വേഷണം നേരിടുന്ന മറ്റ് പല ഉദ്യോഗസ്ഥര്‍ക്കും എതിരെയുള്ള ആരോപണത്തേക്കാള്‍ ‘നമ്പര്‍’ കൂടുതല്‍ ശ്രീലേഖക്കെതിരായ ഫയലിനകത്തുണ്ട്.

ഏതെങ്കിലും സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചോ മറ്റോ നല്‍കിയ പരാതിയിലല്ല, മറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലെ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ എന്നത് സംഭവങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.

ടോമിന്‍ തച്ചങ്കരിക്കെതിരെ ഇന്റലിജന്‍സ് എഡിജിപിയെന്ന നിലയില്‍ ശ്രീലേഖ നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്കുള്ള ഒരു വന്‍ തിരിച്ചടിയാണ് ഗതാഗതവകുപ്പിന്റെ ഇപ്പോഴത്തെ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്.

വകുപ്പ് മന്ത്രിയുമായും അവരുടെ പാര്‍ട്ടിയുമായും ഇടയുകയും തുടര്‍ന്ന് പിറന്നാള്‍ ദിനത്തില്‍ ലഡു വിതരണം ചെയ്തതില്‍ കുരുങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് തച്ചങ്കരിക്ക് സ്ഥാന ചലനം നേരിട്ടത്.

തച്ചങ്കരിയെ കൈവിട്ടെങ്കിലും അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് കൈവിടാന്‍ ഗതാഗതമന്ത്രി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

പുതുതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അനന്തകൃഷ്ണന്‍ ചാര്‍ജെടുത്തതോടെ ഒഴിവ് വന്ന ക്രൈംബ്രാഞ്ച് എഡിജിപി തസ്തികയിലടക്കം പൊലീസ് തലപ്പത്ത് സമഗ്രമായ ചില മാറ്റങ്ങള്‍ അടുത്ത്തന്നെ നടക്കാനിരിക്കെ ശ്രീലേഖക്ക് സ്ഥാനചലനം ഉണ്ടാവുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

Top