‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ്’ ; ഗുരുദേവ് ശ്രീശ്രീരവിശങ്കറിന്

കോട്ടയം: കേരളത്തിലെ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പളളി വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും നല്‍കിവരുന്ന ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ് ‘ ഈ വര്‍ഷം ജീവനകലയുടെ ആത്മീയാചാര്യന്‍ ഗുരുദേവ് ശ്രീശ്രീരവിശങ്കറിന് നല്‍കും.

പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ക്രൈസ്തവസഭയുടെ നേതൃത്വത്തില്‍ മേയ് 5ന് ഗുരുദേവ് ശ്രീശ്രീരവിശങ്കറിന് ഊഷ്മളമായ വരവേല്‍പ്പും അവാര്‍ഡ് സമര്‍പ്പണവും നടത്തും .

വിശുദ്ധകുര്‍ബ്ബാനക്ക് ശേഷം മേയ് 5 ന് രാവിലെ11 മണിക്ക് കണ്ടനാട് ഈസ്‌റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ അധ്യക്ഷതയില്‍ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തില്‍ പാരിഷ് ഹാളിനടുത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗുരുദേവ് ശ്രീശ്രീരവിശങ്കറിന് ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ് ‘ സമര്‍പ്പിക്കും .

മുന്‍കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സമ്മേളനം ഉത്ഘാടനം ചെയ്യുന്നത്. ആധ്യാത്മികതയിലൂന്നിയ ലോകസമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മഹത് വ്യക്തി എന്ന നിലയിലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കറിനെ തിരുസഭ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് ,
അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തെക്കുംകൂര്‍ രാജാക്കന്മാരുടെ അനുമതിയോടും ആശിര്‍വ്വാദത്തോടും കൂടി നിര്‍മ്മിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളി. സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിപ്പെരുന്നാള്‍ ക്രൈസ്തവ ആഘോഷം എന്നതിലുപരി നാനാജാതിമതസ്ഥര്‍ ഒത്തുകൂടുന്ന നാടിന്റെ ദേശീയ ഉത്സവത്തിന്റെ മഹത്തായ കൂട്ടായ്മ കൂടിയാണ്.

Top