പോരാടി നേടിയ യോഗ്യതയുടെ കരുത്തുമായി ഓറഞ്ച്പട

2015, 2019 ഏകദിന ലോകകപ്പുകളില്‍ യോഗ്യത നേടാനാവാതെ വീണുപോയവരാണ് നെതര്‍ലന്‍ഡ്‌സ്. എന്നാല്‍ ഇത്തവണ യോഗ്യതാ റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, സിംബാബ്വെ തുടങ്ങിയ കരുത്തന്മാരെ മറികടന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് അവര്‍ ഉറപ്പിച്ചു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യമായിരുന്നു സിംബാബ്വയേയും സ്‌കോട്ട്‌ലന്‍ഡിനേയും മറികടക്കാന്‍ നെതര്‍ലന്‍ഡ്‌സിനെ സഹായിച്ചത്. ശ്രീലങ്കയായിരുന്നു ക്വാളിഫയര്‍ കടന്ന് ലോകകപ്പിന് യോഗ്യത നേടിയ മറ്റൊരു ടീം.

നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ബാറ്റിങ് നിരയുടെ കരുത്ത്. യോഗ്യതാ റൗണ്ടില്‍ നാല് അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 314 റണ്‍സ് സ്‌കോട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ആറാം സ്ഥാനത്തിറങ്ങുന്ന സ്‌കോട്ടിന്റെ മികവ് ടീമിനെ പലപ്പോഴും കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്. തേജ നിദാമാനുരുവാണ് ഫിനിഷിങ്ങില്‍ സ്‌കോട്ടിന് കൂട്ടായുള്ളത്. യോഗ്യതാ റൗണ്ടില്‍ തന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ താരത്തിന് കഴിയാതെ പോയത് സ്‌കോട്ടിന്റെ ജോലിഭാരം വര്‍ധിപ്പിച്ചിരുന്നു. ഓള്‍ റൗണ്ടറായ ബാസ് ഡി ലീഡിന്റെ പ്രകടനമായിരിക്കും നെതര്‍ലന്‍ഡ്‌സിന് നിര്‍ണായകമാകുക. യോഗ്യതാറൗണ്ടില്‍ 325 റണ്‍സിനൊപ്പം 15 വിക്കറ്റുകളും താരം നേടിയിരുന്നു. പരിചയസമ്പന്നനായ ലോഗന്‍ വാന്‍ ബീക്കും യുവതാരം റയാന്‍ ക്ലെയിന്‍ എന്നീ മീഡിയം പേസര്‍മാരാണ് ബോളിങ് നിരയിലെ മറ്റ് പ്രധാനികള്‍. വാന്‍ ബീക്ക് 12 വിക്കറ്റുകളും റയാന്‍ ഒന്‍പത് വിക്കറ്റുകളുമാണ് യോഗ്യതാ റൗണ്ടില്‍ നേടിയത്.

മാക്‌സ് ഒഡൗഡും വിക്രം സിങ്ങും ചേരുന്നതാണ് നെതര്‍ലന്‍ഡ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ട്. യോഗ്യതാ റൗണ്ടില്‍ ഇരുവരുടേയും പ്രകടനം ടീമിന്റെ വിജയങ്ങള്‍ക്ക് കാരണവുമായി. എട്ട് കളികളില്‍ നിന്ന് 326 റണ്‍സായിരുന്നു വിക്രം നേടിയത്. മാക്‌സ് 299 റണ്‍സും സംഭാവന ചെയ്തു. മധ്യനിരയുടെ ഉത്തരവാദിത്വം ബാസ് ഡി ലീഡിനും വെസ്ലി ബറേസിക്കുമാണ്. സ്‌കോട്ട്‌ലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ലീഡിന്റെ സെഞ്ചുറിയായിരുന്നു അയര്‍ലന്‍ഡിന് തുണയായത്. ബറേസിയുടെ സ്ഥിരതയില്ലായ്മ ടീമിന്റെ ആശങ്കളില്‍ ഒന്നാണ്.

 

Top