അറബിക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ, ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണം. അഞ്ച് ദിവസത്തിന് ശേഷം ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നത്. ഇത് 23 നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്ക് ആഞ്ഞടിക്കുമെന്നുമാണ് വിലയിരുത്തല്‍. കിഴക്കും പടിഞ്ഞാറും രൂപം കൊള്ളുന്ന ന്യൂനമര്‍ദം കേരളത്തില്‍ കനത്ത മഴയ്ക്കാണ് വഴിയൊരുക്കുക. ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റായേക്കാം.

ഇതിനു ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജന്‍സികളാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ അവസാന വാരത്തിലാവും ഇത് കനത്ത മഴയായി കേരളത്തിലെത്തുക. ഈ വര്‍ഷം തുലാമഴ നീളാനാണ് സാധ്യത.

കനത്തമഴയെത്തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്തു മാറിത്താമസിക്കണം. വൈകുന്നേരങ്ങളില്‍ ഇടിയും മിന്നലുമുണ്ടാകാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Top