സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 40 മുതല്‍ 50 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിര്‍ദേശം. നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം, കേരള-കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

Top