സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം ഓറഞ്ച് അലര്‍ട്ട്; നവംബര്‍ 22, 23 തീയതികളില്‍ കനത്തമഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ ശക്തമാകുന്നു. കോമോറിന്‍ മേഖലയിലും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതചുഴികള്‍ സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഓറഞ്ച് അലര്‍ട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 21 -24 വരെയുള്ള തീയതികളില്‍ കേരളത്തിലാകെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും നവംബര്‍ 22, 23 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അടുത്ത 5 ദിവസത്തെ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് വിവരങ്ങള്‍ ചുവടെ:-

ഓറഞ്ച് അലര്‍ട്ട്
22-11-2023 : പത്തനംതിട്ട, ഇടുക്കി
23-11-2023 : ഇടുക്കി
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട്
21-11-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
22-11-2023 : തിരുവനന്തപുരം, മലപ്പുറം
23-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
24-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചക്രവാതചുഴി അറിയിപ്പ്:-
കോമോറിന്‍ മേഖലക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. നവംബര്‍ 21 – 24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും, നവംബര്‍ 22& 23 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി.

Top