തർക്കങ്ങൾ വഴി മാറി, എ.ഐ.എ.ഡി.എം.കെ ലയനം ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി ഒപിഎസ്

ചെന്നൈ: അണ്ണാഡിഎംകെ ലയനവുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത ഉടൻ തന്നെ ഉണ്ടാവുമെന്ന് ഒ പനീര്‍ശെല്‍വം.

ലയന ചര്‍ച്ച നന്നായാണ് പുരോഗമിക്കുന്നതെന്നും അണികള്‍ക്ക് സന്തോഷമുള്ള കാര്യം ഒന്നോ രണ്ടോ ദിവസത്തിനകം അറിയാമെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു.

ഒപിഎസ് പക്ഷത്തിന് മുഖ്യമന്ത്രി സ്ഥാനമോ ജനറല്‍ സെക്രട്ടറി സ്ഥാനമോ ഉണ്ടാവില്ല. പകരം ഉപമുഖ്യമന്ത്രി പദവും രണ്ട് മന്ത്രിസ്ഥാനവും നല്‍കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

വെള്ളിയാഴ്ച നടന്ന അണ്ണാഡിഎംകെ ലയന ചര്‍ചർച്ചയിൽ പദവികളും പാര്‍ട്ടി സ്ഥാനമാനങ്ങളും പങ്കുവെയ്ക്കുന്നതില്‍ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നു.

അനുയോജ്യമായ പദവികള്‍ ലഭിക്കണമെന്ന ഒപിഎസ് ക്യാമ്പിന്റെ ആവശ്യം ഇപിഎസ് ക്യാമ്പിനുള്ളില്‍ അതൃപ്തിക്ക് കാരണമായിരുന്നു.

നിലവിലെ ഓഫറുകളില്‍ വീണുപോകരുതെന്നാണ് വിമത പക്ഷത്തിലെ ഒരു സംഘം നേതാക്കള്‍ നിലപാടെടുത്തതോടെ ചര്‍ച്ച അലസിയിരുന്നു.

ജയലളിതയുടെ മരണത്തില്‍ മുഖ്യമന്ത്രി പളനിസാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനം ഉടന്‍ സാധ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്.

പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ അതൃപ്തി ഉയര്‍ന്നതോടെ കാര്യങ്ങള്‍ വഷളായെങ്കിലും പിന്നീട് നടന്ന യോഗം സമവായത്തിലെത്തുകയായിരുന്നു.

ലയന പ്രഖ്യാപനം ഉടൻ ഉണ്ടായാലും ശശികലയെ പാര്‍ട്ടിയില്‍ നിന്ന് ഉടൻ പുറത്താക്കില്ലെന്നും സൂചനയുണ്ട്.

Top