കശ്മീര്‍ വിഷയം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഎം അംഗം എളമരം കരീം ആണ് വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സിപിഐയും കോണ്‍ഗ്രസും ഇതേ വിഷയമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു എന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് സിപിഐയും സിപിഎമ്മും ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷകക്ഷികള്‍ നിലപാടെടുത്തു.

വിഷയത്തില്‍ ലോക്‌സഭയിലും ആവശ്യമുന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു.പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ട്രംപിന്റെ പ്രസ്താവനയില്‍ ഇന്ത്യ എതിര്‍പ്പറിയിച്ചു എന്നും വിവരമുണ്ട്.

Top