കണ്ടാല്‍ ആപ്പിള്‍ പോലെ; ഇസിജി സവിശേഷതയുമായി ഓപ്പോയുടെ സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ട് വാച്ചുകളുടെ ലോകത്ത് ചൈനീസ് ടെക് കമ്പനിയായ ഓപ്പോ, വാച്ചില്‍ പുതിയ പരീക്ഷണം നടത്തുന്നു. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് വാച്ചില്‍ ഇലക്ട്രോകാര്‍ഡിയോഗ്രാഫ് (ഇസിജി) പിന്തുണയാണ് ചേര്‍ക്കാന്‍ പോകുന്നത്.

2018 ല്‍ അവതരിപ്പിച്ച ആപ്പിള്‍ വാച്ച് സീരീസ് 4ല്‍ ഉപയോക്താക്കള്‍ക്ക് ഇസിജി സവിശേഷത കൊണ്ടുവന്നിരുന്നു. ഇതുവരെ പേരിടാത്ത ഓപ്പോയുടെ സ്മാര്‍ട്ട് വാച്ചില്‍ ആപ്പിള്‍ വാച്ച് 4 നേക്കാള്‍ ഉയര്‍ന്ന ഇസിജിയെ അളക്കുന്നതിനുള്ള സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.

മനുഷ്യശരീരത്തിന്റെ ഇസിജി അളക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ കൂടുതല്‍ സ്മാര്‍ട്ട് വാച്ചുകളില്‍ എത്തുകയാണ്. സാംസങ്, ഹുവായ് തുടങ്ങിയ നിര്‍മ്മാതാക്കള്‍ ഇസിജി അളക്കല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ്.

ആപ്പിള്‍ വാച്ചില്‍ നിന്ന് കടമെടുക്കുന്ന ഒരു സ്‌ക്വയര്‍-ഇഷ് ഡയല്‍ ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടായിരിക്കും. അതേസമയം ആപ്പിള്‍ വാച്ച് മോഡലുകളെ അനുസ്മരിപ്പിക്കുന്ന ചതുരാകൃതിയിലുള്ള രൂപകല്‍പ്പനയുമായാണ് ഓപ്പോ സ്മാര്‍ട്ട് വാച്ച് വരുന്നത്.

Top