പി എസ് സി ഉദ്യോഗാർഥികളുടെ സമരങ്ങളിൽ ഇടപെടാൻ പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരങ്ങളിൽ പ്രതിപക്ഷം ഇടപെടുന്നു. സമരം ചെയ്യുന്നവരോട് ചർച്ച ചെയ്തു പ്രശ്ന പരിഹാരത്തിനു വഴി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടനെയും കെ.എസ്.ശബരിനാഥൻ എംഎൽഎയെയും ചുമതലപ്പെടുത്തി.

മാത്യു കുഴൽനാടൻ ഇന്നലെത്തന്നെ സമരപ്പന്തലുകളിലെത്തി ചർച്ച നടത്തി. മതിയായ നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അസോസിയേഷന്റെയും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെയും പ്രതിനിധികളുമായിട്ടായിരുന്നു ചർച്ച.

യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് ഉറപ്പുള്ള ആ കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും മാത്യു പറഞ്ഞു. സമരം ആത്മഹത്യാശ്രമം പോലുള്ള രീതികളിലേക്കു വഴി മാറുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഇടപെടൽ.

Top