വിവാദങ്ങള്‍ അടഞ്ഞ അധ്യായം;സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ട്ടി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് സംയുക്ത പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘താന്‍ പറഞ്ഞിട്ടാണ് സംയുക്ത പ്രക്ഷോഭം നടന്നത്. ഭാവി പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഈ മാസം 31-ന് യുഡിഎഫ് വീണ്ടും യോഗം ചേരും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. പ്രക്ഷോഭം സംബന്ധിച്ച് കോണ്‍ഗ്രസിലോ യു ഡി എഫിലോ അഭിപ്രായ വ്യത്യാസമില്ല. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. 29-ന് യോഗം വിളിക്കാന്‍ പ്രതിപക്ഷം നിര്‍ദേശിച്ചിട്ടുണ്ട്’ ചെന്നിത്തല പറഞ്ഞു.

കെ കരുണാകരന്‍ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗവര്‍ണറെ ഒഴിവാക്കിയത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ പങ്കെടുക്കരുതെന്ന വികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വബില്ലില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് അപലപനീയമാണ്. ഇരിക്കുന്ന സ്ഥാനം മറക്കാതെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം. ഗവര്‍ണര്‍ക്കെതിരെ എന്ത് കൊണ്ട് സര്‍ക്കാരും സി പി എമ്മും വരുന്നില്ലെന്നത് അതിശയകരമാണെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളെന്ന പ്രസ്താവന കുമ്മനം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

Top