അമിത് ഷായുടെ ഭാഷാ പ്രയോഗത്തിൽ തമിഴകത്ത് വെട്ടിലായത് സൂപ്പർസ്റ്റാർ !

മിത് ഷായുടെ ആ ഒറ്റ പ്രതികരണത്തില്‍ വെട്ടിലായതിപ്പോള്‍ ബി.ജെ.പിമാത്രമല്ല സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുകൂടിയാണ്. ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം തമിഴകത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുന്‍പ് ഹിന്ദി വിരുദ്ധ പ്രക്ഷോഭത്താല്‍ ചുട്ട് പൊള്ളിയ സംസ്ഥാനം വീണ്ടും തിളച്ച് മറിയുകയാണിപ്പോള്‍.

മുഖ്യപ്രതിപക്ഷ പാര്‍ട്ടികളായ ഡി.എം.കെയും സി.പി.എമ്മും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ രൂക്ഷമായാണ് അമിത് ഷായുടെ നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.അമിത് ഷായുടെ ഈ മുദ്രാവാക്യത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ആദ്യം രംഗത്തെത്തിയത്.

വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും രാജ്യത്തെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുകയാണെന്നും യച്ചൂരി കുറ്റപ്പെടുത്തി. ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. വീണ്ടും ഭാഷാസമരം ആരംഭിക്കുമെന്നുമാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജ്ജുനനുമായി ചിത്രീകരിച്ച സുപ്പര്‍ സ്റ്റാര്‍ ഈ വിഷയത്തില്‍ എന്ത് പ്രതികരണം നടത്തുമെന്നാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ആര്‍.എസ്.എസ് പ്രേരണയില്‍ പ്രത്യേക പാര്‍ട്ടി രൂപീകരിക്കാന്‍ രജനി തീരുമാനിച്ചത് തന്നെ ദ്രാവിഡ മണ്ണിലെ പ്രത്യേകത മുന്‍ നിര്‍ത്തിയാണ്. ബി.ജെ.പിക്ക് ഇവിടെ ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ രജനി രൂപീകരിക്കുന്ന പാര്‍ട്ടിയെ എന്‍.ഡി.എ.യില്‍ ഉള്‍പ്പെടുത്തി നേട്ടമുണ്ടാക്കാനായിരുന്നു പ്ലാന്‍.എന്നാല്‍ പ്രാദേശിക വികാരം വലിയ സ്വാധീനം ചെലുത്തുന്ന സംസ്ഥാനത്ത് അമിത് ഷായുടെ ഹിന്ദി അനുകൂല നിലപാട് തിരിച്ചടിച്ചിരിക്കുകയാണിപ്പോള്‍.

ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെ തമിഴ് പ്രമുഖരെല്ലാം തമിഴരായി അറിയപ്പെടുന്നത് പെരുമയായി തുറന്ന് പറയുന്നവരാണ്. തമിഴ് വിട്ട്‌ ഒരു കളിയുമില്ലന്ന് കൊച്ചു കുട്ടികള്‍ പോലും ഇവിടെ രോഷത്തോടെ പറയും. അത്രക്കുണ്ട് ആ മണ്ണിനോട് അവര്‍ക്കുള്ള സ്നേഹം.

ഹിന്ദി ദേശീയ ഭാഷയാണെങ്കിലും തമിഴ് നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രധാനമായും പ്രാദേശിക ഭാഷകളാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇതില്‍ ഒരു മാറ്റം വരുവാനും ഇവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. വിവിധ ഭാഷകളുടെയും അവ നല്‍കുന്ന സംസ്‌ക്കാരങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന കാര്യം അമിത് ഷാ മറന്നു പോയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

തമിഴകത്തെ രജനിയുടെ സ്വപ്‌നങ്ങള്‍ക്ക് മാത്രമല്ല, കര്‍ണ്ണാടകയിലെയും ബംഗാളിലെയും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കും ഭാഷാ വിവാദം കരിനിഴല്‍ പടര്‍ത്തിയിരിക്കുകയാണിപ്പേള്‍. കര്‍ണ്ണാടകയിലെ ബി.ജെ.പി ഭരണം നിലവില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍പ്പെട്ട് ആടി ഉലയുകയാണ്. ഇവിടെ സര്‍ക്കാര്‍ വീണാല്‍ ബി.ജെ.പിക്ക് പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

ലോകസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റൊഴികെ ബാക്കിയെല്ലാം തൂത്ത് വാരിയ ആവേശവുമായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കര്‍ണാടകയിലും തിരിച്ചടി ഉറപ്പാണ്. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാറിനെ സിബിഐ അറസ്റ്റ് ചെയ്തത് കര്‍ണ്ണാടകയില്‍ വലിയ ജനരോക്ഷം ഉയര്‍ത്തി കഴിഞ്ഞു. ഇതിനു പിന്നാലെ ഭാഷാ വിവാദം കൂടി വന്നത് കന്നടക്കാരിലും പ്രാദേശിക വികാരം ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്.

ആന്ധ്രയിലും തെലങ്കാനയിലും സ്ഥിതി ഇതുതന്നെയാണ് ഇവിടെയും അമിത് ഷായുടെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രാദേശിക വികാരം ആളിക്കത്തിച്ച് രണ്ട് സംസ്ഥാനളായി മാറിയ ചരിത്രമാണ് ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമുള്ളത്. ഇവിടെ ബി.ജെ.പിക്ക് വലിയ സ്വാധീനം ഇല്ലാത്തതിനാല്‍ ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ടാവില്ല, എന്നാല്‍ ബംഗാളിലെ സ്ഥിതി അതല്ല.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 18 സീറ്റ് നേടി മമതയെ ഞെട്ടിച്ച പാര്‍ട്ടിയാണ് ബി.ജെ.പി.

സംസ്ഥാന ഭരണം പിടിക്കുമെന്ന പ്രതീക്ഷ നല്‍കി നിരവധി തൃണമൂല്‍ ജനപ്രതിനിധികളെയും നേതാക്കളെയും ബി.ജെ.പി അടര്‍ത്തിയെടുത്തിട്ടുമുണ്ട്.അമിത് ഷായുടെ ഹിന്ദി പ്രേമം ബംഗാളിലും പ്രാദേശിക വികാരം ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. പ്രതിരോധത്തിലായിരുന്ന മമത ബാനര്‍ജി രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നത് രാഷ്ട്രീയ നേട്ടം കണ്ടു കൊണ്ട് മാത്രമാണ്. സി.പി.എമ്മും കോണ്‍ഗ്രസ്സും അമിത് ഷാക്കെതിരെ രംഗത്ത് വന്നതിനാല്‍ മമതക്ക് മാത്രമായി ഈ വിഷയത്തില്‍ ബംഗാളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുകയുമില്ല. ബംഗാളിലും സൂപ്പര്‍ താരമിപ്പോള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ്. അമിത് ഷായ്‌ക്കെതിരെ പിണറായി നടത്തിയ പ്രതികരണമിവിടെയും വൈറലായിരിക്കുകയാണ്.

രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ‘ഹിന്ദി അജന്‍ഡ’യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘപരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നാണ് പിണറായി തുറന്നടിച്ചത്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഈ സംസ്ഥാനങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണെന്നും പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നുമാണ് പിണറായി നിരീക്ഷിച്ചത്. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നുമില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കേരളാ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ബംഗാളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ മാധ്യമങ്ങളെല്ലാം പിണറായിയുടെ ഈ പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ബി.ജെ.പിയെ സംബന്ധിച്ച് ബംഗാളിലെ സാധ്യതകള്‍ക്ക് മേലും വലിയ വെല്ലുവിളിയായിരിക്കുകയാണിപ്പോള്‍ ഭാഷാ പ്രയോഗം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് അമിത് ഷാ നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Political Reporter

Top