പാകിസ്താനിലെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് പ്രതിപക്ഷം

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്ക് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

ഇമ്രാന്‍ഖാന്‍ സര്‍ക്കാറിന് മണിക്കൂറുകള്‍ മാത്രമാണ് ആയുസ് എന്നാണ് പാകിസ്താന്‍ മാധ്യമമായ ഡോണിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ പ്രതിപക്ഷ നേതാവ് നടത്തിയ പ്രതികരണം

പാകിസ്താന്‍ തെഹരീഖ് ഇ ഇന്‍സാഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ പിന്തുണ പിന്‍വലിക്കാന്‍ സഖ്യ കക്ഷികള്‍ ഒരുക്കമാണെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നും ഡോണിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) മുതിര്‍ന്ന നേതാവിന്റെ പ്രതികരണത്തെ മുന്‍നിര്‍ത്തിയാണ് വാര്‍ത്ത.

രാജ്യത്തെ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയ്ക്ക് കാരണം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളാണ് എന്നാരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിഎംഎല്‍ എന്‍, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരുടെ 100 അംഗങ്ങള്‍ ഒപ്പുവച്ച അവിശ്വാസ പ്രമേയമാണ് നാഷണല്‍ അസംബ്ലി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമര്‍പ്പിച്ചത്.

നിലവില്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന് 178 പേരുടെ പിന്തുണയുണ്ട്. ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ 155 അംഗങ്ങളും സഖ്യകക്ഷികളില്‍ നിന്ന് 23 അംഗങ്ങളുമാണ് സര്‍ക്കാരിനൊപ്പമുള്ളത്. ഇതില്‍ ഏഴു പേര്‍ മുതാഹിദ ക്വാമി മൂവ്‌മെന്റ് (എംക്യുഎം), പാകിസ്ഥാന്‍ മുസ്ലീം ലീഗ് (പിഎംഎല്‍), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) എന്നിവയില്‍ നിന്ന് അഞ്ച് വീതം പേരും ഗ്രാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് (ജിഡിഎ), അവാമി മുസ്ലീം ലീഗ് (എഎംഎല്‍), ജംഹൂരി വതന്‍ പാര്‍ട്ടി (ജെഡബ്ല്യുപി) എന്നിവയിലെ മൂന്ന് വീതം അംഗങ്ങള്‍ക്കും ഒപ്പം ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. പ്രതിപക്ഷത്ത് ആകെ 163 പേരാണുള്ളത്. എന്നാല്‍ ഭരണകക്ഷിയിലെ സഖ്യകക്ഷികളില്‍ നിന്നും 28 എംപിമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.

Top