സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയേ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്നാല്‍, കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സമീപകാലത്ത് നടന്ന കൊലപാതകകേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു.

കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്രമങ്ങള്‍ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോണ്‍ഗ്രിസന്റേത്. ധീരജ് കൊലപാതകത്തെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചു. കൊലപാതകങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം പരസ്യ പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top