പ്രതിപക്ഷ ബഹളം; ഐടി മന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു

ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എംപി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു.

പെഗാസസ് വിഷയത്തില്‍ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സഭയിലെ തര്‍ക്കങ്ങള്‍ കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.

ലോക്സഭയില്‍ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്കിടെ സഭ നിര്‍ത്തിവെക്കേണ്ടിവന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് സ്പീക്കര്‍ ഓം ബിര്‍ള സഭ നിര്‍ത്തിവെച്ചത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ്, അകാലിദള്‍ എംപിമാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. പെഗാസസ് വിഷയമുയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തിന് സമീപം തടിച്ചുകൂടി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പുനല്‍കി. രാജ്യസഭയില്‍ കോവിഡ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇവിടെ ഏതു വിഷയവും ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. ചോദ്യോത്തര വേള ഓരോ മെമ്പര്‍മാരുടെയും അവകാശമാണ്, പ്രഹ്ലാദ് ജോഷി പറഞ്ഞു.

ദൈനിക് ഭാസ്‌കര്‍ പത്രത്തിന്റെ ഓഫീസുകളില്‍ നടക്കുന്ന ആരോഗ്യ നികുതി പരിശോധന സംബന്ധിച്ച വിഷയവും കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചു. കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിങ് ആണ് സഭ ചേര്‍ന്ന ഉടന്‍ തന്നെ വിഷയം ഉന്നയിച്ചത്.

 

Top