‘രാഷ്ട്രപത്നി’ പരാമർശം തിരിച്ചടിയായെന്ന് പ്രതിപക്ഷ നിരയിലും വിലയിരുത്തൽ

ദില്ലി: കോൺഗ്രസ് ലോക‍്‍സഭ കക്ഷി നേതാവ് അധിർ ര‍ഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി’ പരാമർശത്തിൽ പ്രതിപക്ഷ പാർട്ടികളിലും അതൃപ്തി. അധിർ രഞ്ജൻ ജാഗ്രത കാണിക്കണമായിരുന്നു എന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തിൽ ഭരണപക്ഷം പ്രതിരോധത്തിലായിരുന്നു. എന്നാൽ അധിർ രഞ്ജന്റെ പരാമർശം ഭരണപക്ഷത്തിന് തിരിച്ചടിക്കാനുള്ള അവസരമായെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ.

വിലക്കയറ്റം, ജിഎസ്‍ടി വിഷയങ്ങളിലും സ്‍മൃതി ഇറാനിയുടെ മകളുടെ ബാർ കേസിലും പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായിരുന്നു ‘രാഷ്ട്രപത്നി’ പരാമർ‍ശം.

മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം അധിർ രഞ്ജൻ ചൗധരിയെ തള്ളി രംഗത്തെത്തിയിരുന്നു. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവ‍ർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നായിരുന്നു മനീഷ് തിവാരിയുടെ വിമർശനം.

നാക്ക് പിഴയാണ് സംഭവിച്ചതെന്ന് കാണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി നേരത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചിരുന്നു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജന്‍ ചൗധരി കത്തില്‍ പറയുന്നുണ്ട്.

Top