പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ; നിയമസഭ ഇന്നും പ്രക്ഷുബ്ധം

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തർക്കത്തിൽ സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സഭയിൽ ഒരു ചർച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി സർക്കാരിന്റെ അതേ സമീപനമാണ് ഇവിടേയും. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. കെ കെ രമയുടെ പരാതിയിൽ കേസെടുക്കണം.പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കള്ളക്കേസുകളെടുക്കുന്നു. സഭയുമായി സഹകരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും, അതിനുപറ്റിയ സാഹചര്യമല്ല ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് അനുമതി നൽകുന്നില്ല. നോട്ടീസ് അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. അതിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സഭ നടത്തിക്കൊണ്ടുപോകാൻ സഹകരിക്കണമെന്ന് സ്പീക്കർ ഷംസീർ ആവർത്തിച്ച് അഭ്യർത്ഥിച്ചു. ബഹളത്തിനിടെ അരമണിക്കൂറോളം സഭാനടപടികൾ തുടർന്നു.

എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ അറിയിച്ചു. പ്രതിപക്ഷത്തിന്റേത് ശുദ്ധമര്യാദകേടാണെന്ന് മന്ത്രി സജി ചെറിയാൻ വിമർശിച്ചു. രാവിലെ 11 മണിക്ക് കാര്യോപദേശക സമിതി യോഗം ചേരുന്നുണ്ട്.

Top