സ്പീക്കര്‍ക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ; ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷിവകുപ്പ് തലപ്പത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോരിനെക്കുറിച്ചുളള അടിയന്തര നോട്ടിസിന്‍മേലുളള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ പ്രതിഷേധം. സഭയില്‍ സ്പീക്കര്‍ക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.

നോട്ടിസ് നല്‍കിയ വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ കാര്യം പരാമര്‍ശിച്ചത് സ്പീക്കര്‍ വിലക്കി. നോട്ടിസില്‍ ഒതുങ്ങിനിന്ന് സംസാരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു.

പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുകൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്നത് ശരിയല്ലെന്നും പ്രതിപക്ഷം പരിധി വിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥ പോര് പ്രശ്‌നമല്ലെന്നും ഉദ്യോഗസ്ഥരുടെ അഭിപ്രായ ഭിന്നത മറികടന്ന് ഭരണം കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പീക്കറുടെ ഇടപെടലാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷനേതാവും സഭയില്‍ അറിയിച്ചു.

Top