തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം

vote

തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. ജനവിധി അട്ടിമറിക്കാനേ ഇത് സഹായിക്കൂകയുള്ളുവെന്നും ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ രഹസ്യ നീക്കത്തിന് സഹായകമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തിലുള്ളവര്‍ക്കും 65 വയസ്സ് കഴിഞ്ഞവര്‍ക്കും പോസ്റ്റല്‍വോട്ട്/ പ്രോക്സി വോട്ട്(വോട്ടര്‍ക്ക് വേണ്ടി വീട്ടിലെ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാം) എന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.

ഇത് സാധ്യമാവുന്ന തരത്തില്‍ പഞ്ചായത്ത്-മുന്‍സിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണമെന്നും വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ കൂടി നീട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

തുച്ഛമായ വോട്ടുകള്‍ക്കാണ് പഞ്ചായത്തലെയും വാര്‍ഡിലെയും ഭരണം മാറുന്നത്. അതിനാല്‍ സമ്മതിദായകരില്‍ സമ്മര്‍ദ്ദം ചെലുത്തി വോട്ട് മറിക്കാന്‍ സിപിഎം ശ്രമിക്കും. രാഷ്ട്രീയ കക്ഷികളോട് ആലോചിക്കാതെ ഈ തീരുമാനം കൈക്കൊള്ളുന്നതില്‍ കോണ്‍ഗ്രസ് എതിര്‍പ്പറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ചിട്ടുണ്ട്.

Top