മണിപ്പൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ലോക്‌സഭയില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ലോക്‌സഭയില്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ ഭാഗമായ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 10 ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതൃയോഗം ചേരും.

എല്ലാ എംപിമാരോടും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം നടത്തും. മുതിര്‍ന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തും. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

അതേസമയം, വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ച മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുകയാണ്. മെയ്‌ത്തൈയ് വിഭാഗക്കാര്‍ പലായനം ചെയ്യുന്ന മിസോറാമിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് അമിത്ഷാ കോണ്‍ഗ്രസിന് കത്ത് നല്‍കിയത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും അധിര്‍ രഞ്ജന്‍ ചൗധരിക്കുമാണ് കത്ത് നല്‍കിയത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടര്‍ന്നാണ് അമിത് ഷാ തന്നെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top