opposition parties trying to win election pavar and yechuri as weapon

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ മഹാ സഖ്യം രൂപീകരിക്കുന്നത് സംബന്ധമായി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ ആലോചന.

എന്‍ സി പി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവര്‍ മുന്‍കൈ എടുത്ത് യോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉയരുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വവും ബിജെപിക്കെതിരെ ഐക്യനിര ദേശീയ തലത്തില്‍ അനിവാര്യമാണെന്ന നിലപാടിലാണ്.

നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തില്‍ രണ്ടാം ഊഴം ലഭിച്ചാല്‍ രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷത്തെ തന്നെ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയക്കുന്നത്.

രാഷ്ട്രീയപരമായ ഭിന്നത മാറ്റി വച്ച് മതേതര പാര്‍ട്ടികളടെ വിശാലമായ വേദിയാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതോടെ രാഹുല്‍ ഗാന്ധിയും സജീവമായി ഇതിനായി രംഗത്തിറങ്ങും.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് വഴി ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കേരളമൊഴികെയുള്ള പ്രധാന സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ പ്രതിപക്ഷ ഏകീകരണം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് നീക്കം.

കേരളത്തില്‍ 11 സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബിജെപി വിഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പറയുന്നത്. എന്നാല്‍ പൂജ്യത്തില്‍ നിന്നും അധികാരം പിടിക്കാന്‍ മണിപ്പൂരില്‍ കഴിയുമെങ്കില്‍ ഒന്നില്‍ നിന്നും കേരള ഭരണം പിടിക്കാനും കൂടുതല്‍ എംപിമാരെ വിജയിപ്പിക്കാനും തങ്ങള്‍ക്ക് കഴിയുമെന്നാണ് ബിജെപി കേന്ദ്ര നേത്യത്വം അവകാശപ്പെടുന്നത്.ഇതിനായി മറ്റു പാര്‍ട്ടികളില്‍ നിന്നടക്കം ജനകീയ നേതാക്കളെ അടര്‍ത്തിമാറ്റുന്നതിനുള്ള ശ്രമങ്ങളും ബിജെപിആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് മുഖ്യമന്ത്രിമാരുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ മുന്നണി മുഖ്യമന്ത്രിമാരാണ് ലക്ഷ്യം.

ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും യുപി ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് 95 ദിവസം നീളുന്ന ഭാരത യാത്ര സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. അമിത് ഷായാണ് ജാഥ നയിക്കുക.

കാടിളക്കിയുള്ള ബിജെപിയുടെ ഈ വരവ് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ചു നിര്‍ത്തുന്നതിന് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ പോലെ ഒരു കിംഗ് മേക്കര്‍ ഇല്ല എന്നതാണ് പ്രതിപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി.

വ്യത്യസ്ത കാഴ്ചപാടുകളും രീതികളും താല്‍പര്യങ്ങളും പിന്തുടരുന്ന പാര്‍ട്ടികളെ യോജിപ്പിച്ച് നിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്.

മുന്‍പ് വിപി സിംഗ്, ചന്ദ്രശേഖര്‍, ഗുജ്‌റാള്‍ മന്ത്രിസഭകളുടെ കാലത്തും ഒന്നാം യുപിഎ സര്‍ക്കാറിന്റെ രൂപീകരണത്തിലുമെല്ലാം ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറുടെ റോളില്‍ തിളങ്ങിയത് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തായിരുന്നു.

ബംഗാളില്‍ അടിപതറിയതോടെ തിരിച്ചടി നേരിട്ട സിപിഎം ഇപ്പോള്‍ അത്തരം മതേതര ഐക്യശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാതെ ഉള്‍വലിഞ്ഞ സാഹചര്യമാണുള്ളത്.

എന്നാല്‍ സുര്‍ജിത് കിംഗ് മേക്കറുടെ റോളില്‍ തിളങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ നിഴലായിരുന്ന സീതാറാം യച്ചൂരിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്.

ശരത് പവാറിനെ പോലെ പാരമ്പര്യമുള്ള നേതാവിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ യോജിപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

യുപിയില്‍ സമാജ് വാദി – ബിഎസ്പി കോണ്‍ഗ്രസ്സ് സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശാശ്വതമായെങ്കില്‍ മാത്രമേ ബിജെപിയെ പിടിച്ച് കെട്ടാന്‍ കഴിയൂ എന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍.ഇതിനായാണ് ആദ്യം ശ്രമം നടത്തേണ്ടതെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തരിപ്പണമായ ബി എസ് പി ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് നില്‍ക്കില്ലന്നും വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നുമാണ് സമാജ് വാദി – കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുതുന്നത്.

ബീഹാറില്‍ നിലവിലെ മഹാസഖ്യം തുടരുകയും മധ്യപ്രദേശിലും ഗുജറാത്തിലും ഭരണവിരുദ്ധ വികാരം ഉയര്‍ത്തി ബിജെപിക്ക് പ്രഹരമേല്‍പ്പിക്കുക എന്നതും പ്രതിപക്ഷത്തിന്റെ പ്രധാന ലക്ഷ്യമാണ്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് ഉപതിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്സുമായും തെലങ്കാനയില്‍ ഇടതുപാര്‍ട്ടികളുമായും യോജിപ്പിലെത്താനും കോണ്‍ഗ്രസിന് പദ്ധതിയുണ്ട്.

തമിഴ്‌നാട്ടില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിഎംകെ കോണ്‍ഗ്രസ്സ് സഖ്യം തൂത്തുവാരുമെന്ന സാഹചര്യമാണുള്ളത്.ഇടതു പാര്‍ട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ നല്‍കി കൂടെ നിര്‍ത്താനും സാധ്യതയുണ്ട്.

മഹാരാഷ്ട്രയില്‍ ബിജെപി, ശിവസേന പാര്‍ട്ടികള്‍ കടുത്ത ഭിന്നതയിലാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേന എന്‍ഡിഎയുടെ ഭാഗമായി തന്നെ മത്സരിക്കുമെന്ന് ഉറപ്പായതിനാല്‍ ഇവിടെ ശരത് പവാറിനെ മുന്‍നിര്‍ത്തി ‘പവര്‍ ‘ കാട്ടാനാണ് കോണ്‍ഗ്രസ്സ് പദ്ധതി.

പഞ്ചാബിലും ഡല്‍ഹിയിലും ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതാണ് നല്ലതെന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ സജീവമാണ്. കെജ്‌രിവാള്‍ പച്ചക്കൊടി കാണിച്ചാല്‍ ഇതിനുള്ള സാധ്യത കൂടുതലാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അതല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലും കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി സഖ്യത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഡല്‍ഹി ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതിനാല്‍ നിലനില്‍പ്പിനായി ചില ‘ധാരണ’കള്‍ക്ക് ആം ആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് പറയപ്പെടുന്നത്.

പരസ്യമായി സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലങ്കില്‍ പോലും പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെയുള്ള ഒരു സഹകരണത്തിന് പഞ്ചാബിലും ഡല്‍ഹിയിലും ഗുജറാത്തിലും ഇരു പാര്‍ട്ടികളും തയ്യാറാവാനാണ് സാധ്യത.

ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തരം ധാരണകളും സഖ്യ ശ്രമങ്ങളും നടത്താന്‍ പവാറും യെച്ചൂരിയും മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്,ആര്‍ജെഡി നേതാവ് ലല്ലു പ്രസാദ് യാദവ്, ജെഡിയു നേതാക്കളായ നിതീഷ് കുമാര്‍, ശരദ് യാദവ് ,ഡി എം കെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവരും ഇതേ നിലപാടുകാരാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ബുദ്ധിമുട്ടുള്ളതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മമതയുടെ കാര്യം പരിശോധിക്കാമെന്ന നിലപാടിലാണ് ബംഗാള്‍ കോണ്‍ഗ്രസ്സ് ഘടകം.

ഒറീസയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും മതേതര പാര്‍ട്ടികള്‍ പരസ്പരം ധാരണയുണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും സീറ്റുകളുടെ എണ്ണത്തെ ചൊല്ലി അനാവശ്യ തര്‍ക്കങ്ങളിലേക്ക് ചെന്ന് ധാരണ പൊളിക്കരുതെന്നുമാണ് ശരത് പവാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.ഇക്കാര്യം കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരത്തെ നടത്തിയ കൂടികാഴ്ചയില്‍ പവാര്‍ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാനുള്ള നീക്കം പൊളിക്കാന്‍ തന്ത്രങ്ങളുമായി ബിജെപിയും അണിയറയില്‍ സജീവമാണ്.എന്‍ഡിഎ വിപുലീകരിക്കാനാണ് ബിജെപി പദ്ധതി.

Top