പ്രതിപക്ഷ ഐക്യം; പരസ്പരധാരണയോടെ പ്രവർത്തിക്കാൻ രൂപരേഖ തയാറാക്കുക പവാർ

ന്യൂഡൽഹി : ബിജെപിക്കെതിരായ ഐക്യനീക്കങ്ങളിൽ പരസ്പരധാരണയോടെ പ്രവർത്തിക്കാൻ പ്രതിപക്ഷ കക്ഷികൾ പൊതു മിനിമം പരിപാടി തയാറാക്കും. ഇതിന്റെ രൂപരേഖ തയാറാക്കാനുള്ള സമിതിയുടെ നേതൃത്വം എൻസിപി അധ്യക്ഷനും പ്രതിപക്ഷത്തെ തലമുതിർന്ന നേതാവുമായ ശരദ് പവാറിനെ ഏൽപിച്ചേക്കും. 23നു ബിഹാറിലെ പട്നയിൽ ചേരുന്ന പ്രതിപക്ഷ സമ്മേളനം ഇക്കാര്യം ചർച്ച ചെയ്യും. കൺവീനർ റോളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വന്നേക്കുമെന്നും സൂചനയുണ്ട്.

2004 – 2014 ഭരണകാലയളവിൽ യുപിഎ കക്ഷികളെ കോർത്തിണക്കിയ പൊതു മിനിമം പരിപാടിക്കു സമാനമായ ധാരണയാണു പരിഗണിക്കുന്നത്. ഇതിനു പുറമേ പ്രതിപക്ഷ ഏകോപനത്തിനായി ചെറു സമിതികൾക്കും രൂപം നൽകും. ബിജെപിക്കെതിരെ പൊതുസ്ഥാനാർഥിയെ നിർത്താനുള്ള വഴികളും തേടും.

പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ ചുക്കാൻ കോൺഗ്രസ് ഏറ്റെടുക്കുന്നതിനോടു വിയോജിപ്പുള്ള മുഖ്യമന്ത്രിമാരായ മമത ബാനർജി (ബംഗാൾ), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), കെ.ചന്ദ്രശേഖർ റാവു (തെലങ്കാന) എന്നിവർ പവാറുമായി ഊഷ്മളബന്ധം പുലർത്തുന്നവരാണ്. പ്രതിപക്ഷത്തെ കോർത്തിണക്കാൻ അദ്ദേഹത്തിനുള്ള കഴിവിൽ കോൺഗ്രസിനും വിശ്വാസമുണ്ട്.

കർണാടകയിലെ വിജയത്തോടെ ദേശീയതലത്തിൽ കരുത്തു വർധിച്ചെങ്കിലും ഐക്യത്തിനു തിരിച്ചടിയാകുന്ന നീക്കങ്ങൾ വേണ്ടെന്നാണു കോൺഗ്രസ് തീരുമാനം. അതേസമയം, തങ്ങളെ തഴഞ്ഞു പ്രതിപക്ഷനേതൃത്വം ഏറ്റെടുക്കാൻ മമത, നിതീഷ് അടക്കമുള്ളവർ നീങ്ങിയാൽ അനുവദിക്കുകയുമില്ല.

Top