‘ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം’; ഐക്യാഹ്വാനവുമായി പ്രിയങ്ക

ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യത്തിന് പ്രിയങ്കാ ഗാന്ധി. ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നാണ് ആഹ്വാനം. ‘കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകി. തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണം. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം’. പ്രിയങ്ക പറഞ്ഞു.

‘ഇനി കേവലം ഒരു വർഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒപ്പം ബിജെപിയുടെ നയങ്ങൾക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം. എല്ലാവരിലും പ്രതീക്ഷയുണ്ടെങ്കിലും കോൺഗ്രസിൽ നിന്നാണ് കൂടുതൽ പ്രതീക്ഷിക്കുന്നത്’. പ്ലീനറി സമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

പാർട്ടിയുടെ സന്ദേശവും സർക്കാരിന്റെ പരാജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കണം. പാർട്ടിക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിക്കുന്നു. ബിജെപിയെ നേരിടാൻ നിങ്ങൾക്ക് ധൈര്യമുണ്ടെന്നറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’. പ്രിയങ്കാ ഗാന്ധി പറഞ്ഞു.

അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. കേന്ദ്ര സർക്കാർ അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Top