വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തിനെതിരെ സര്‍വ്വകക്ഷി യോഗത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാരിനെതിരെ സര്‍വ്വകക്ഷി യോഗത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമം പിന്‍വലിക്കേണ്ടി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചെറിയൊരു ശതമാനമാണ് നിയമങ്ങളെ എതിര്‍ത്തതെന്ന് സര്‍ക്കാര്‍ തിരിച്ചടിച്ചു. പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ പ്രതിപക്ഷ നിരയില്‍ ഭിന്നത ദൃശ്യമായി.

താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിന്‍വലിക്കല്‍ എന്നീ കര്‍ഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ ആവശ്യപ്പെട്ടു. നാളെ മുതല്‍ അടുത്ത മാസം 23 വരെ നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലിലാണ് എല്ലാവരുടെയും കണ്ണ്.

ബില്ലിന്റെ ലക്ഷ്യങ്ങളില്‍ മൂന്നു നിയമങ്ങളും കാര്‍ഷിക വളര്‍ച്ചയ്ക്ക് കൊണ്ടു വന്നതെന്ന് സര്‍ക്കാര്‍ ന്യായീകരിക്കുന്നു. ചെറിയ ഗ്രൂപ്പാണ് എതിര്‍പ്പുയര്‍ത്തിയത്. രാജ്യവികസനത്തില്‍ എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാനാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

എന്നാല്‍ വീഴ്ച അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്പ്രീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പട്ടു. മരിച്ച കര്‍ഷകര്‍ക്ക് ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിക്കണം. താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം അജണ്ടയില്‍ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം പിന്‍വലിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സഭയിലെ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗ്ഗെ വിളിച്ച യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും. കോണ്‍ഗ്രസിന് എല്ലാ പാര്‍ട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്നാണ് തൃണമൂല്‍ നിലപാട്.

Top