ട്രഷറി നിയന്ത്രണത്തിനെതിരെ സഭയില്‍ പ്രതിപക്ഷത്തിന്റെ നോട്ടീസ്; മറുപടി നല്‍കി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഏകദേശം ഒരമാസത്തിലേറെ ഇനിയും ബാക്കിയുണ്ട്. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.

ട്രഷറിയുടെ കടുത്തനിയന്ത്രണം മൂലം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായെന്നും ഇക്കാര്യം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും കെസി ജോസഫ് എംഎല്‍എയാണ് അടിയരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 1201 കോടി രൂപയുടെ ബില്ലുകള്‍ ഇതുവരെ പാസാക്കാതെ കിടക്കുകയാണെന്നും അസാധാരണമായ ഇത്തരമൊരു പ്രതിസന്ധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും കെസി ജോസഫ് സഭയില്‍ ആരോപിച്ചു.

നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരുന്നു. ട്രഷറിയില്‍ സാധാരണ രീതിയിലുള്ള നിയന്ത്രണങ്ങള്‍ മാത്രമേ ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്നും അതൊരിക്കലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ഇന്നു മുതല്‍ കൊടുത്തു തുടങ്ങുമെന്നും അനാവശ്യ ആശങ്ക സൃഷ്ടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെയും പലതവണ ഇത്തരം നിയന്ത്രങ്ങള്‍ ട്രഷറിയില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

Top