പ്രതിപക്ഷസഖ്യത്തിലെ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും

ന്യൂഡല്‍ഹി: പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. കലാപം നേരിടുന്നതില്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ പരാജയം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടും.

അതേസമയം ലോകസഭ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും രാജ്യസഭ വന സംരക്ഷണ ഭേഭഗതി ഉള്‍പ്പടെയുള്ള 3 ബില്ലുകള്‍ ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ അനുകൂലവിധി മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ ഇന്നലെയാണ് അവതരിപ്പിച്ചത്.

എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദമാകും. അവിശ്വാസ പ്രമേയ ചര്‍ച്ച വൈകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഇന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്. സഭ മറ്റ് നടപടികള്‍ ഉപേക്ഷിച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് ആവശ്യം. അതേസമയം അവിശ്വാസപ്രമേയ അവതരണത്തിന് മുന്‍പ് സഭയുടെ മേശപ്പുറത്തുള്ള എല്ലാ ബില്ലുകളും പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

Top