വയനാട്ടിലെ വന്യജീവി ആക്രമണം;എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.

വയനാട്ടിലെ വന്യജീവി ആക്രമണം കഴിഞ്ഞ ദിവസം നിയമസഭയിലും പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഉന്നയിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.വളരെ സാധാരണക്കാരാണ് വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്‍പ്പടെ ഒരു പദ്ധതിയും സര്‍ക്കാരിന്റെ കൈവശമില്ല. ജനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ പോലുമാകാത്ത സാഹചര്യമാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും നഷ്ടപരിഹാരം നല്‍കിയില്ല. വനംമന്ത്രിയുടേത് പൂര്‍ണ നിഷ്‌ക്രിയത്വമാണ്. വനംമന്ത്രിയുടെ നിസംഗതയും നിഷ്‌ക്രിയത്വവും വലിയ ദോഷഫലമാണ് ഈ ഭാഗത്തുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് പ്രതിഷേധവുമായി രംഗത്തെത്താന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം മൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുകയാണ്. ഇത് തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് സതീശന്‍ ആരോപിച്ചു.

Top