ഇടത് ‘ലൈഫില്‍’ തൊട്ട് കളിച്ചപ്പോള്‍ തീരുമാനമായത് പ്രതിപക്ഷ ‘ലൈഫ്’

യ്ത അസ്ത്രങ്ങളെല്ലാം തിരിച്ചു വരുന്ന ഒരു അവസ്ഥ. അതാണിപ്പോള്‍ പ്രതിപക്ഷവും കുത്തക മാധ്യമങ്ങളും അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പിണറായി സര്‍ക്കാറിനെതിരായ അവസാന ശ്രമമെന്ന നിലയിലാണ് ‘ലൈഫില്‍’ ഇവരെല്ലാം ചേര്‍ന്ന് കൈവച്ചത്. ആ കൈയാണിപ്പോള്‍ കോടതി വിധിയോടെ പൊള്ളിയിരിക്കുന്നത്. സര്‍ക്കാറും ഇടതുപക്ഷവും എന്താണോ പറഞ്ഞത് അതു തന്നെയാണ് ഹൈക്കോടതിയും ഇപ്പോള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ സി.ബി.ഐ. അന്വേഷണമാണ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്.

ലൈഫ് മിഷന്‍ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദമാണ് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുവരെ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വിശദമായ വാദം കേട്ടാല്‍ പോലും സര്‍ക്കാറിനെയോ ലൈഫ് മിഷനേയോ കുരുക്കിലാക്കാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയിലേക്കാണ് പരാതിക്കാരും സി.ബി.ഐയും പോകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നു പോലും അനുകൂല വിധികിട്ടാന്‍ സാധ്യത കുറവാണ്.

അതായത് പ്രതിപക്ഷം ശരിക്കും പെട്ടു എന്ന് വ്യക്തം. ജാള്യത മറയ്ക്കാന്‍ എഫ്.ഐ.ആര്‍ റദ്ദാക്കിയിട്ടില്ലെന്ന വാദമാണ് പ്രതിപക്ഷവും മാധ്യമങ്ങളും മുന്നോട്ട് വെയ്ക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ വാദം പൂര്‍ത്തിയായ ശേഷം മാത്രമേ കോടതി അന്തിമ വിധി പറയുകയുള്ളു. കോടതി നടപടി ക്രമങ്ങള്‍ അറിയാത്തതിനാലാണ് ഇത്തരം വാദങ്ങള്‍ ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്. ഇനി എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയില്ലെങ്കില്‍ പോലും അത് സര്‍ക്കാറിനെ ബാധിക്കുന്ന കാര്യമല്ല. സര്‍ക്കാര്‍ ആ അന്വേഷണത്തില്‍ കക്ഷിയുമല്ല. യൂണിടാക്കിനെതിരായ അന്വേഷണത്തില്‍ കഴമ്പുണ്ടെങ്കില്‍ യൂണിടാക്ക് എം.ഡി അനുഭവിച്ച് കൊള്ളണം. സ്വപ്ന കമ്മിഷന്‍ അടക്കമുള്ളവ വാങ്ങിയാലും കൊടുത്താലും അനുഭവിക്കേണ്ടതും അത് ചെയ്തവര്‍ മാത്രമാണ്.

സി.ബി.ഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസ് നല്‍കിയ ഹര്‍ജിയിലാണ് ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. എഫ്.സി.ആര്‍.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ അനാവശ്യ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഹര്‍ജിയില്‍ സി.ഇ.ഒ ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതിക്കായി ഭൂമി കണ്ടെത്തി നല്‍കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തത്. അതല്ലാതെ നടത്തിപ്പില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. ഈ വാദമാണിപ്പോള്‍ ഹൈക്കോടതിയും അംഗീകരിച്ചിരിക്കുന്നത്.

വിശദമായ വാദം പൂര്‍ത്തിയാകുന്നതോടെ അന്തിമ വിധിയും പുറത്ത് വരും. സ്വര്‍ണ്ണക്കടത്തു കേസില്‍ തെളിവില്ലാതെ ഒരാളെ പോലും പ്രതിചേര്‍ക്കില്ലെന്ന ഉറച്ച നിലപാട് എന്‍.ഐ.എ സ്വീകരിച്ചതോടെയാണ് ലൈഫ് മിഷന്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായാണ് അനില്‍ അക്കര എം.എല്‍.എ തന്നെ സി.ബി.ഐക്ക് നേരിട്ട് പരാതി നല്‍കിയിരുന്നത്. സി.ബി.ഐ ആകട്ടെ പരാതി കിട്ടിയ ഉടനെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരാതി ലഭിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് അസാധാരണ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകളും ഗൂഢാലോചനക്കുറ്റവുമാണ് എഫ്.ഐ.ആറില്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്.

പ്രതികളായി എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത് യൂണിടാക്കിനെയും സെയിന്‍ വെഞ്ചേഴ്‌സിനെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊതു സേവകരെയും മറ്റു വ്യക്തികളെയുമാണ്. ലൈഫ് മിഷന്‍ കൂടി കേസില്‍ പ്രതിയാകുന്നതോടെ മുഖ്യമന്ത്രി കുടുങ്ങുമെന്നായിരുന്നു പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷയിലാണ് മാധ്യമങ്ങളും ചര്‍ച്ചകള്‍ സംഘടിപ്പിച്ച് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നത്. ഈ പ്രതീക്ഷകള്‍ കൂടിയാണിപ്പോള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. കോടതി ഉത്തരവ് വന്നില്ലായിരുന്നുവെങ്കില്‍ സി.ബി.ഐക്ക് സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാന്‍ കഴിയുമായിരുന്നു. ലൈഫ് മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സി.ബി.ഐ ചോദ്യം ചെയ്യുമെന്നായിരുന്നു പ്രതിപക്ഷം കണക്ക് കൂട്ടിയിരുന്നത്.

തിരഞ്ഞെടുപ്പ് വരുന്നതിനാലും സി.ബി.ഐയെ ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആയതിനാലും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത് മോദിയും അമിത് ഷായും ആയതിനാലും ഈ സാധ്യതകളൊന്നും തന്നെ തള്ളിക്കളയാന്‍ കഴിയുന്നതുമായിരുന്നില്ല. എന്നാല്‍ കൃത്യസമയത്ത് തന്നെ കോടതി ഇടപെടല്‍ ഉണ്ടായതിനാല്‍ ഈ പകപോക്കലിനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാറിനും നഷ്ടമായിരിക്കുന്നത്. ലൈഫ് മിഷന്‍ സി.ഇ.ഒയെ ചോദ്യം ചെയ്യാന്‍ വിളിച്ചതും കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന സൂചന പുറത്ത് വന്നതും കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടയായാണ് സി.പി.എം ആരോപിച്ചിരുന്നത്.

പരസ്യമായി പാര്‍ട്ടി ഈ അന്വേഷണത്തിനെതിരെ രംഗത്ത് വന്നതും ‘അപകടം’ മുന്നില്‍ കണ്ട് തന്നെയാണ്. കോടതി വിധിയോടെ ഈ നിലപാടു കൂടിയാണ് സാധൂകരിക്കപ്പെട്ടിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഢാലോചന കുറ്റം എന്നിവയാണ് പ്രാഥമികമായി സി.ബി.ഐ എഫ്.ഐ.ആറില്‍ ചേര്‍ത്തിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതു കോടിയുടെ അഴിമതിയാണ് പരാതിയില്‍ അനില്‍ അക്കര ഉന്നയിച്ചിരുന്നത്. 4.25 കോടി രൂപ കമ്മിഷന്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് ലഭിച്ചതായി നേരത്തെ കൈരളി എഡിറ്റര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇത് ഞെട്ടിക്കുന്ന കാര്യം മാത്രമല്ല, കണ്ടു പിടിക്കേണ്ട കാര്യം കൂടിയാണ്.

വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതും അതിനു വേണ്ടി കൂടിയാണ്. കമ്മിഷന്റെ പേരില്‍ ആര് പണം തട്ടിയെടുത്താലും പിടിക്കപ്പെടണം എന്നത് കൊണ്ട് തന്നെയാണ് കൈരളി ചാനലിന്റെ എം.ഡി തന്നെ ഇക്കാര്യം പരസ്യമാക്കിയിരിക്കുന്നത്. താന്‍ ഇതേകുറിച്ച് കേട്ടിരുന്നു എന്ന് മന്ത്രി തോമസ് ഐസക്കും പരസ്യമായി തന്നെയാണ് പറഞ്ഞത്. ഇതെല്ലാം പരിശോധിക്കേണ്ടത് വിജിലന്‍സാണ്. അല്ലാതെ സി.ബി.ഐ അല്ല. പിണറായിയുടെ കീഴിലുള്ള വിജിലന്‍സിനേക്കാള്‍ യു.ഡി.എഫിന് വിശ്വാസം മോദിയുടെ കീഴിലുള്ള സി.ബി.ഐയെയാണ്. അത് അവരുടെ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ താല്‍പ്പര്യം കൂടിയാണ് വ്യക്തമാക്കുന്നത്.

‘ശത്രുവിന്റെ ശത്രു മിത്രം’ എന്നതാണ് കോണ്‍ഗ്രസ്സും ലീഗും കേരളത്തില്‍ സ്വീകരിച്ചിരിക്കുന്ന നയം. ഇടതുപക്ഷത്തിനോ സര്‍ക്കാറിനോ എന്തെങ്കിലും ഒളിക്കാനുണ്ടെങ്കില്‍ അവര്‍ ഒരിക്കലും കമ്മിഷന്‍ കാര്യം പരസ്യമായി പറയില്ലായിരുന്നു. ജോണ്‍ ബ്രിട്ടാസും, തോമസ് ഐസക്കും ഇക്കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് തന്നെ രഹസ്യാന്വേഷണ വിഭാഗവും ഇതേ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചിട്ടാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കമ്മിഷന്‍ കൊടുത്ത കാര്യം യുണിടാക് എം.ഡി തന്നെ സമ്മതിക്കുന്നുണ്ട്. അത് സര്‍ക്കാറിന്റെ സമ്മതപത്രം വാങ്ങിയല്ല അദ്ദേഹം നല്‍കിയിരിക്കുന്നത്. കൊടുത്തരോടും വാങ്ങിയവരോടുമാണ് ചോദിക്കേണ്ടത്.

അണിയറയില്‍ നടന്ന ഡീല്‍ അറിഞ്ഞമാത്രയില്‍ തന്നെ ഇവിടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും എന്തെങ്കിലും വഴിവിട്ട സഹായങ്ങള്‍ കൈക്കൂലി കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കും ലഭിച്ചെങ്കില്‍ മാത്രമേ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയുള്ളൂ. എന്നാല്‍ ഇവിടെ അത്തരമൊരു കാര്യം സംഭവിച്ചിട്ടില്ല. കമ്മിഷനായി കൊടുത്തു എന്ന് പറയുന്ന പണത്തിന് കൂടി പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കി കൂടായിരുന്നോ എന്ന വികാരമാണ് ജോണ്‍ ബ്രിട്ടാസിനെയും തോമസ് ഐസക്കിനെയും നയിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഈ നിലപാടിനെയാണ് നാം അഭിനന്ദിക്കേണ്ടത്.

ഉപ്പ് തിന്നത് എത് ‘പൊന്നുമോനാണെങ്കിലും’ വെള്ളം കുടിക്കുക തന്നെ വേണം. അതിന് വിജിലന്‍സ് അന്വേഷണം തന്നെ പര്യാപ്തമാണ്. വിജിലന്‍സ് അന്വേഷണത്തില്‍ പോരായ്മയുണ്ടായാല്‍ തീര്‍ച്ചയായും കേസ് മറ്റു ഏജന്‍സികള്‍ക്ക് കൈമാറുക തന്നെ വേണം. ആ ഘട്ടത്തില്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഇടപെടേണ്ടത്. അനില്‍ അക്കരയുടെ പരാതിയില്‍ ധൃതി പിടിച്ച സി.ബി.ഐ ഇടപെടലാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതാണിപ്പോള്‍ നിയമ പോരാട്ടത്തില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരിക്കലും സര്‍ക്കാറിനെ കുറ്റം പറയാന്‍ കഴിയുകയില്ല.

ടൈറ്റാനിയം അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കാണിക്കാത്ത ജാഗ്രതയാണ് അനില്‍ അക്കരയുടെ പരാതിയില്‍ സി.ബി.ഐ ‘ലൈഫ് മിഷനില്‍’ കാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത് രാഷ്ട്രീയപ്രേരിത നടപടിയായി സി.പി.എമ്മും വിലയിരുത്തുന്നത്. ബി.ജെ.പിയും-കോണ്‍ഗ്രസ്സും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.

ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ പദ്ധതി. ഇതിനകം തന്നെ അനവധി പേര്‍ക്ക് ഈ പദ്ധതി പ്രകാരം വീട് വച്ചു നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില്‍ കമ്മിഷന്‍ അടിച്ചവര്‍ യഥാര്‍ത്ഥത്തില്‍ പിച്ചചട്ടിയിലാണ് കയ്യിട്ട് വാരിയിരിക്കുന്നത്. പാവങ്ങള്‍ക്കായി പണിയുന്ന കെട്ടിടത്തിലാണ് ‘കൈവയ്ക്കുന്നതെന്ന’ ബോധം കൈക്കൂലി വാങ്ങിയവര്‍ക്കുമാത്രമല്ല കൊടുത്തവര്‍ക്കും ഉണ്ടാകണമായിരുന്നു.

ഈ ഇടപാടിന് പിന്നിലെ യാഥാര്‍ത്ഥ്യം പൊതു സമൂഹം അറിയുക തന്നെ വേണം. ഇക്കാര്യത്തില്‍ ശക്തമായ നടപടിയാണ് വിജിലന്‍സില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനെ കൂടി അപമാനിക്കാന്‍ നടന്ന നീക്കമായതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തേണ്ടതുണ്ട്.

Top