മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ‘കുരുങ്ങിയത്’ പ്രതിപക്ഷ നേതാക്കൾ . . .

ലൗ ജിഹാദ് – നര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തില്‍ അശാന്തി പടര്‍ത്താനുള്ള ചിദ്ര ശക്തികളുടെ നീക്കത്തെയാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിച്ചടുക്കിയിരിക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് പോലും കൃത്യമായ നിലപാടെടുക്കാതെ ഉരുണ്ടു കളിച്ചപ്പോള്‍ വ്യക്തവും ശക്തവുമായ നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചിരിക്കുന്നത്. സെക്യുലര്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോഴും ശക്തമായ ഒരു നിലപാട് സ്വീകരിക്കാനുള്ള ശക്തി ഇന്ന് കോണ്‍ഗ്രസ്സിനില്ല. ആ പാര്‍ട്ടിയുടെ വീരശൂര പരാക്രമികളായ പുതിയ നേതൃത്വം പോലും വിവാദങ്ങളില്‍ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഏത് ഭാഗത്തേക്ക് ചാഞ്ഞാലും മറുവിഭാഗം കൈവിടുമോ എന്ന ഭയമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ നയിക്കുന്നത്. ഇവിടെയാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വ്യത്യസ്തരാകുന്നത്. ഇവരുടെ നിലപാടുകള്‍ ശക്തവും വ്യക്തവുമാണ്. ഒറ്റ പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്നെ ആ നിലപാട് തുറന്ന് പറയുകയും ചെയ്തു കഴിഞ്ഞു. ഇതാണ് ഇടതുപക്ഷത്തിന്റെ നയം.

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം വിവാദമാക്കരുതെന്ന ഒറ്റ വാക്കിലാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതികരണം അവസാനിപ്പിച്ചത്. സമുദായ നേതാക്കളുടെ സംയുക്തയോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതും ഉണ്ടായിട്ടില്ല. സര്‍വ്വകക്ഷി യോഗം പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് വി.ഡി സതീശനും പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ യോജിപ്പുണ്ടായിട്ടില്ല. സ്വന്തം നിലക്ക് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ കഴിയാത്തവരാണ് സര്‍ക്കാരിനെ കൊണ്ട് അത് നടത്തിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഒന്നും ആവശ്യമില്ലാതെ തന്നെ ഒറ്റയടിക്ക് വിവാദത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

സെന്‍സിറ്റീവായ വിഷയങ്ങളില്‍ വോട്ട് ബാങ്ക് മുന്‍ നിര്‍ത്തി തീരുമാനമെടുക്കുന്നത് കമ്യൂണിസ്റ്റുകളുടെ രീതിയല്ല. ആ രീതി വലുതുപക്ഷമാണ് പിന്തുടരാറുള്ളത്. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തള്ളി എന്നത് കൊണ്ട് ക്രൈസ്തവ വിഭാഗത്തിനെതിരെ നിലപാട് സ്വീകരിച്ചു എന്ന രീതിയില്‍ ആരും തന്നെ വ്യാഖ്യാനിക്കേണ്ടതില്ല. ഒറ്റപ്പെട്ട സംഭവത്തെ അതേ രൂപത്തില്‍ കാണുമ്പോള്‍ തന്നെ സംഘടിതമായ മറ്റെതെങ്കിലും നീക്കമുണ്ടായാല്‍ അത് ആരുടെ ഭാഗത്ത് നിന്നായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാതിയും മതവും നിറവുമൊന്നും പൊലീസ് നോക്കില്ലെന്ന് വ്യക്തം.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മുഖ്യമന്ത്രിക്ക് തന്റെ മുന്നില്‍ വരുന്ന വിഷയങ്ങളില്‍ കണക്കുകള്‍ പരിശോധിക്കാതെ മറുപടി പറയുക സാധ്യമാവുകയില്ല. അതു കൊണ്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ എല്ലാം പരിശോധിച്ച് കൃത്യമായ മറുപടി അദ്ദേഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ മറുപടിയോടെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മത സംഘടനകളും ഉടന്‍ തയ്യാറാകണം. ജാതിയുടേയോ മതത്തിന്റേയോ അടിസ്ഥാനത്തില്‍ ഒരു പ്രണയത്തെയും വിലയിരുത്താന്‍ പാടുള്ളതല്ല. ലഹരി തേടി പോകുന്നവര്‍ക്ക് മുന്നില്‍ മതങ്ങളല്ല ലഹരി മാത്രമാണുള്ളത്. മായാലോകത്തെ അത്ഭുത കാഴ്ചകളാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇത്തരക്കാരെ തിരുത്തിക്കാനുള്ള നടപടികളാണ് എല്ലാ മത സംഘടനകളും സ്വീകരിക്കേണ്ടത്. അതല്ലാതെ ലഹരിക്ക് മതത്തിന്റെ നിറം പകര്‍ന്നു നല്‍കിയാല്‍ അത് ഈ നാടിനെയാണ് നശിപ്പിക്കുക. അതും ഓര്‍ത്ത് കൊള്ളണം. ഇത് പുതിയ കാലമാണ്. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഈ പുതിയ കാലത്ത് ലഹരി മാഫിയയുടെ നെറ്റ് വര്‍ക്കും ശക്തമാണ്.

ഇത് തകര്‍ക്കാന്‍ പൊലീസ് മാത്രം വിചാരിച്ചതു കൊണ്ട് കാര്യമില്ല. ജനങ്ങളും സഹകരിക്കണം. വിലപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്ത് പൊലീസിന് കൈമാറുക തന്നെ വേണം. ഇതോടൊപ്പം തങ്ങളുടെ വീട്ടിലുള്ള വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കൂട്ടുകെട്ടുകള്‍ ആരൊടൊപ്പമാണ് എന്നതും രക്ഷിതാക്കള്‍ അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ സ്വയം ജാഗ്രത പുലര്‍ത്തിയാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് ഒരു വിതം പരിഹാരം ഉണ്ടാകും. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗമാണ് നാട് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന വഷളാക്കിയതിന് പിന്നിലും സോഷ്യല്‍ മീഡിയയിലെ സങ്കുചിത താല്‍പ്പര്യക്കാരാണ്. ഒരു സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഉണ്ടായാല്‍ എന്തു വേണമെങ്കിലും പ്രചരിപ്പിക്കാം എന്നതാണ് അവസ്ഥ. വിവാദങ്ങള്‍ക്ക് മതത്തിന്റെ നിറം കൂടി പകര്‍ന്നാല്‍ പിന്നെ പറയേണ്ട കാര്യവുമില്ല. കാര്യങ്ങള്‍ കൈവിട്ടു പോകും. അതി സങ്കീര്‍ണ്ണമായ അവസ്ഥയാണിത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് നടന്ന വാട്‌സ് അപ്പ് ഹര്‍ത്താല്‍ ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. കത്വവ കൊലപാതകത്തിന്റെ മറവില്‍ നല്‍കിയ ഈ ഹര്‍ത്താല്‍ ആഹ്വാനത്തിനെതിരെ അന്ന് ശക്തമായ നടപടി സ്വീകരിച്ചതും പിണറായിയുടെ പൊലീസാണ്. മലപ്പുറത്ത് മാത്രം 2200 പേരെയാണ് ഈ കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമായി കണ്ടാണ് പൊലീസ് കടുത്ത നടപടി സ്വീകരിച്ചിരുന്നത്. കഠുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരും പ്രചരിപ്പിച്ചതിനു പോക്‌സോ നിയമവും അക്രമകാരികള്‍ക്കെതിരേ ചുമത്തുകയുണ്ടായി. ഇത്തരം കടുത്ത നടപടികള്‍ കൊണ്ട് മാത്രമാണ് വലിയ ആപത്തിനെ തടഞ്ഞ് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നത്. ഏതെങ്കിലും മത വിഭാഗം പിണങ്ങും എന്നു കരുതി അന്ന് മിണ്ടാതിരുന്നിരുന്നു എങ്കില്‍ ഈ നാടിന്റെ അവസ്ഥ തന്നെ മറ്റൊന്നാകുമായിരുന്നു. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം കൂടി വിലയിരുത്തപ്പെടുന്നത് നല്ലതാണ്.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ അത് രാഷ്ട്രീയക്കാരായാലും മത നേതാക്കളായാലും പറയുന്ന വാക്കുകള്‍ ശരിക്കും സൂക്ഷിക്കേണ്ടതുണ്ട്. അവരുടെ ഒരു വാക്കിന് പോലും സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഈ യാഥാര്‍ത്ഥ്യമാണ് പാലാ ബിഷപ്പും ഓര്‍ക്കേണ്ടിയിരുന്നത്. ആശങ്കകള്‍ പ്രകടിപ്പിക്കാം എന്നാല്‍ അത് തെറ്റിധാരണ പരത്തും വിതമാകരുത്. അവിടെയാണ് അദ്ദേഹത്തിനും പിഴച്ചിരിക്കുന്നത്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ബിഷപ്പ് സൂചിപ്പിച്ചതു പോലുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരിക്കുന്നത് ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.

പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇതിന്റെ മറവില്‍ മുതലെടുപ്പ് നടത്തി നാട്ടില്‍ കലാപം അഴിച്ചുവിടാനുള്ള നീക്കത്തെ അടിച്ചമര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നിട്ടില്ല. ശക്തമായ നിലപാടു തന്നെയാണിത്. മത തീവ്രവാദികളോട് അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും ഒരേ സമീപനമാണ് ഇടതുപക്ഷ സര്‍ക്കാറിനുള്ളത്. മത രാഷ്ട്രീയവാദം ഉയര്‍ത്തുന്നത് ജമാഅത്തെ ഇസ്ലാമി ആയാലും ആര്‍.എസ്.എസ് ആയാലും അതിനെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായാണ് ഇടതുപക്ഷം നോക്കി കാണുന്നത്. കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട് കൂടിയാണിത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത് കൊണ്ട് കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പാലാ ബിഷപ്പ് പോലും ഇപ്പോള്‍ ചോദ്യം ചെയ്യാതിരിക്കുന്നത്.

കേരളത്തിലെ മതപരിവര്‍ത്തനം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതു തന്നെയാണ് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നെന്ന ആശങ്കയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അടിസ്ഥാനരഹിതമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതു സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ഏതാനും വര്‍ഷംമുമ്പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന ആരോപണമുയര്‍ന്നിരുന്നു എങ്കിലും കേരള ഹൈകോടതിയും സുപ്രീം കോടതിയും കേസ് സമഗ്രമായി വിശകലനം ചെയ്ത് ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായ മതിയായ വിദ്യാഭ്യാസമുള്ള ഈ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്ന് വിലയിരുത്തിയിട്ടുള്ളതുമാണ്. ഈ പശ്ചാത്തലത്തില്‍ ഈ സംഭവത്തെ പോലും നിര്‍ബഡിത മതപരിവര്‍ത്തന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല.

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പെടുത്തി മതപരിവര്‍ത്തനം നടത്തിയശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിലെത്തിക്കുന്നെന്ന പ്രചാരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചാലും തെളിയുന്നത് മറ്റൊരു ചിത്രമാണ്. 2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയശേഷം അവിടെനിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി എത്തിപ്പെട്ടവരാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നുതന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

28 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍നിന്ന് ഇസ്ലാം സ്വീകരിച്ച ശേഷം ഐ.എസില്‍ ചേര്‍ന്നിരിക്കുന്നത്. അതില്‍തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം തമ്മനം സ്വദേശിനി മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ചശേഷമാണ് ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ഐ.എസില്‍ ചേരുകയാണുണ്ടായത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട ഈ കണക്കുകള്‍. ഈ സാഹചര്യത്തില്‍ നാര്‍കോട്ടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നെന്ന പ്രസ്താവനയും പ്രചാരണങ്ങളും തികച്ചും അടിസ്ഥാനരഹിതം തന്നെയാണ്.

2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 എണ്ണമാണ്. അവയില്‍ ആകെ പ്രതികളായ 5422 പേരില്‍ 2700 പേരും ഹിന്ദുമതത്തില്‍പ്പെട്ടവരാണ്. 1869 പേരാണ് ഇസ്ലാം മതത്തില്‍പെട്ടവരായുള്ളത്. ബാക്കി വരുന്ന 853 പേരാകട്ടെ ക്രിസ്തുമതത്തില്‍പെട്ടവരാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം നടക്കുന്നത് എന്നതിന് ഈ കണക്കുകള്‍ തന്നെയാണ് ഉദാഹരണം. നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ ഉള്ള ഒരു പരാതിയും ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെടുകയോ ചെയ്തിട്ടില്ലന്ന് നാട് ഭരിക്കുന്ന മുഖ്യമന്ത്രി പറയുമ്പോള്‍ അത് അംഗീകരിക്കാനുള്ള ബാധ്യത എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെയുണ്ട്.

മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പനക്കാരോ പ്രത്യേക സമുദായത്തില്‍പെടുന്നവരാണ് എന്നതിനും കേരള സര്‍ക്കാറിന്റെ പക്കല്‍ തെളിവുകളില്ല. സ്‌കൂള്‍ കോളജ് തലങ്ങളില്‍ നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികളുണ്ട്. അതില്‍ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ വിപണന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താല്‍ അത് എങ്ങനെ പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുവാന്‍ സാധിക്കുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യവും ഏറെ പ്രസക്തമാണ്. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ ‘വിളവെടുപ്പ് ‘നടത്താന്‍ ഇറങ്ങിയവര്‍ക്ക് ലഭിച്ച ഒന്നാന്തരം പ്രഹരം കൂടിയാണിത്.

EXPRESS KERALA VIEW

Top