ശബരിമലയിലെ തിരക്ക്, തീര്‍ഥാടകര്‍ പ്രതിസന്ധിയില്‍:മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത വലിയ പ്രതിസന്ധി. പമ്പ മുതല്‍ സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെയാണ് ക്യൂ. പൊലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ഥാടനകാലത്തെ പ്രതികൂലമായി ബാധിക്കുന്നു. ഹൈക്കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും ശബരിമലയില്‍ നടപ്പാക്കിയിട്ടില്ലെന്നും വി.ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണ രൂപത്തില്‍: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ കൂടി വന്നതോടെ തിരക്ക് നിയന്ത്രണാതീതമായി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം ഉണ്ടായി. സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുന്നുണ്ട് എങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല.

ആവശ്യത്തിന് പോലീസിനെ ശബരിമലയില്‍ വിന്യസിച്ചിട്ടില്ല എന്ന് ഭക്തര്‍ തന്നെ പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നാഥനില്ലാ കളരി ആയതും ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചു. കാര്യമായ അവലോകന യോഗങ്ങള്‍ നടന്നിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ ശബരിമലയുടെ കാര്യത്തില്‍ പോലീസ് കാണിക്കുന്നില്ല എന്നത് ദുഃഖകരമാണ്.

പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടന കാലത്തെ ദോഷകരമായി ബാധിക്കുന്നു. പമ്പ മുതല്‍ സന്നിധാനം വരെ മതിയായ ശൗചാലയങ്ങള്‍ ഇല്ല. എന്തെങ്കിലും ആവശ്യം ഉണ്ടായാല്‍ മതിയായ ആംബുലന്‍സ് സര്‍വീസും ഒരുക്കിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശിച്ച പല മാര്‍ഗനിര്‍ദ്ദേശങ്ങളും ശബരിമലയില്‍ നടപ്പായിട്ടില്ല. പ്രത്യേകം ക്യൂ കോപ്ലക്സ് സംവിധാനം ഉപയോഗപ്പെടുത്തുന്നതില്‍ ദേവസ്വം ബോര്‍ഡും പോലീസും പരാജയപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം പരിതാപകരമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ശബരിമലയില്‍ ഭക്തര്‍ക്ക് കടുത്ത പ്രതിസന്ധിയുണ്ടാകും. ഈ വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കണം.

Top