ബെലാറസ് പ്രക്ഷോഭം; പ്രതിപക്ഷ നേതാവിന്റെ ഭർത്താവിന് ജയിൽ ശിക്ഷ

മിൻസ്ക്: കിഴക്കൻ യൂറോപ്യൻ രാജ്യമായ ബെലാറസിൽ പ്രതിപക്ഷ നേതാവ് സ്വറ്റ്ലാന ടിഖനോവ്സ്കയുടെ ഭർത്താവിന് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ 18 വർഷം ജയിൽ ശിക്ഷ. 2020 മേയ് മുതൽ തടവിൽ കഴിയുന്ന സെർഗെയ് ടിഖനോവ്സ്കിയെ രഹസ്യവിചാരണ ചെയ്താണു ശിക്ഷ വിധിച്ചത്. 5 അനുയായികൾക്കും 14–16 വർഷം തടവു വിധിച്ചു.

പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയിരുന്ന, വിഡിയോ വ്ലോഗറും ആക്ടിവിസ്റ്റുമായ സെർഗെയ് തടവിലായതോടെയാണ് ഭാര്യ സ്വറ്റ്ലാന നേത‍ൃസ്ഥാനത്തേക്കു വന്നത്. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ അവർ പ്രതിപക്ഷത്തിന്റെ പ്രസിഡ‍ന്റ് സ്ഥാനാർഥിയായി.

ലുകാഷെങ്കോ ആറാമതും അധികാരമേറ്റതിനു പിന്നാലെ ലിത്വാനിയയിലേക്കു കടന്ന സ്വറ്റ്‌ലാന വിഡിയോ സന്ദേശങ്ങളിലൂടെയാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്. പ്രതിപക്ഷത്തെ മറ്റൊരു നേതാവായ മരിയ കെല്സിനിക്കോവയെയും നേരത്തേ 11 വർഷം തടവിനു ശിക്ഷിച്ചിരുന്നു. പ്രതിഷേധങ്ങളുടെ പേരിൽ 35,000 ൽ അധികം പേരാണ് തടങ്കലിൽ കഴിയുന്നത്.

Top