മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ

കണ്ണൂർ: കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുൽ എന്നിവരാണ് കരിങ്കൊടി കാട്ടിയത്.

ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ചീമേനി ജയിലിലെ കെട്ടിട ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോകുമ്പോഴായിരുന്നു പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിൽ കരിങ്കൊടി കാണിച്ച ആറു പേരും പൊലീസിന്റെ പിടിയിലായി.

മുഖ്യമന്ത്രിയുടെ യാത്ര പരിഗണിച്ച് കണ്ണൂരിൽ ഇന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഏഴു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. തളിപ്പറമ്പിലും പയ്യന്നൂരിലുമായാണ് ഏഴുപേരെ കരുതൽ തടങ്കലിലാക്കിയത്.

Top