കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അല്‍പ്പത്തരം, മുഖ്യമന്ത്രിയുടെ മനസ് ബിജെപിക്കൊപ്പം: വിഡി സതീശന്‍

കൊച്ചി:കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് പിഎന്‍ ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.പിഎന്‍ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്‌ഐയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അല്‍പ്പത്തരമാണെന്നും ഇപി ജയരാജന്റെ കുടുംബത്തിന് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്നും പറഞ്ഞു.

എസ്എഫ്‌ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിധികര്‍ത്താക്കളെ എസ്എഫ്‌ഐക്കാര്‍ മുറിയില്‍ കൊണ്ടുപോയി മര്‍ധിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണം എസ്എഫ്‌ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. മര്‍ദ്ദനത്തില്‍ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. ഈ ക്രിമിനലുകളില്‍ നിന്ന് കേരളത്തെ രക്ഷിക്കണം. സംസ്ഥാനത്ത് രക്ഷകര്‍ത്താക്കളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്. പലര്‍ക്കും കുട്ടികളെ കോളേജില്‍ അയക്കാന്‍ പേടിയാണ്. എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നരേന്ദ്രമോദി ചെയ്തതിനേക്കാള്‍ വലിയ അല്‍പ്പത്തരമാണ് കെ റൈസില്‍ ഇല്‍ പിണറായി വിജയന്‍ ചെയ്യുന്നത്. പത്ത് കിലോ സാധാരണ രീതിയില്‍ കൊടുക്കേണ്ടതിന് പകരം നിലവില്‍ ഉണ്ടായിരുന്ന ആനുകൂല്യം പരിമിതപ്പെടുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇപി ജയരാജന്റെ കുടുംബത്തിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്‍ഡിഎയുടെ കേരളത്തിലെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനാണ് പിണറായി വിജയന്‍. ഇപി ജയരാജന്‍ എന്‍ഡിഎയുടെ ക്യാപ്റ്റനെ പോലെയാണ് പെരുമാറുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപി കേരളത്തിലെ കോണ്‍ഗ്രസിനെ ചൊറിയാന്‍ വരണ്ട. കോണ്‍ഗ്രസില്‍ നിന്നുള്ള ആളുകളെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സിപിഎം അജണ്ട. സാബു ജേക്കബിന് സിപിഎം മറുപടി പറഞ്ഞോ? നീ ആരാടാ എന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ലല്ലോ? സിപിഎമ്മുകാര്‍ക്ക് സാബു ജേക്കബിനെ പേടിയാണോ? .

ദല്ലാള്‍ നന്ദകുമാറാണോ സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ട ആളെന്നും അദ്ദേഹം ചോദിച്ചു. ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് പറയാന്‍ എംവി ഗോവിന്ദന് കഴിയുമോ? പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ആവില്ല എന്ന് പിണറായി പറയുന്നത് കാപട്യമാണ്. പിണറായിയുടെ മനസ്സ് ബിജെപിയുടെ കൂടെയാണ്. ആദ്യം പൗരത്വം നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങള്‍ക്കെതിരെയുള്ള
കേസുകള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top