മാനന്തവാടി: മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭീകരമായ അവസ്ഥയാണു നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള കൃഷിയും നടക്കുന്നില്ല. എല്ലാവരും കഷ്ടപ്പാടിലും കടക്കെണിയിലുമാണ്. ഇവിടെ ഭീതിദമായ അവസ്ഥയാണ്. കുഞ്ഞുങ്ങളെ എങ്ങനെ സ്‌കൂളില്‍ അയയ്ക്കും. ഞാന്‍ നിയമസഭയില്‍ ചോദിച്ചത് അതാണ്.
വീട്ടില്‍നിന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത ഭീതിതമായ അവസ്ഥ. അജീഷിനെ ആക്രമിച്ചു കൊല്ലുന്ന അവസ്ഥ തന്നെ ഭീകരമാണ്. നിഷ്‌ക്രിയത്വം വെടിഞ്ഞു കൃത്യമായ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകണം. നഷ്ടപരിഹാരം കൊടുക്കുന്ന കാര്യത്തില്‍ വലിയ പരാജയമാണ്. പലര്‍ക്കും നഷ്ടപരിഹാരം കൊടുത്തിട്ടില്ല. മരിച്ച ആളുകളുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ജോലി കൊടുത്തിട്ടില്ല. ഈ വര്‍ഷം 48 കോടിയാണ് ബജറ്റില്‍ വച്ചിരിക്കുന്നത്. അത്രയും ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്.
ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. ഈ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കണം. അത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. കാസര്‍കോട് മുതല്‍ ചര്‍ച്ച നടത്തിയതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്നത് കര്‍ഷകരുടെയും വന്യജീവി ആക്രമണങ്ങളുടെയും പ്രശ്‌നമാണ്. ഹൃദയം പൊട്ടിയാണ് പലരും സംസാരിച്ചത്. ഇനി ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. റേഡിയോ കോളറിന്റെ യൂസര്‍ നെയിമും പാസ്വേഡും കേരള വനംവകുപ്പിനും കര്‍ണാടക വനംവകുപ്പിനും ഒരുപോലെയാണ് നല്‍കിയത്. മുഖ്യമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ പോയി ചര്‍ച്ച നടത്തട്ടെയെന്നും സതീശന്‍ പറഞ്ഞു.