ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ടിപിആര്‍ നോക്കരുതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ടിപിആര്‍ നോക്കി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ പണം മാറ്റിവയ്ക്കുന്നില്ല. പെന്‍ഷനും മറ്റും എങ്ങനെയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുക. പാക്കേജ് പ്രഖ്യാപനം ആളെ പറ്റിക്കാനെന്നും സതീശന്‍ ആരോപിച്ചു. ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലായെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ അടിയന്തരമായി ചില നിയമനിര്‍മാണങ്ങള്‍ നടത്തണം. ഇവിടെ നിക്ഷേപിച്ച എല്ലാവരുടെയും തുക തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണം. അല്ലെങ്കില്‍ സഹകരണ മേഖലയിലെ വിശ്വാസ്യത നഷ്ടമാകും. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണം. ബാങ്കുകള്‍ക്ക് എന്തു സംഭവിച്ചാലും പണം എല്ലാവര്‍ക്കും തിരിക കിട്ടുമെന്ന് ഉറപ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുടെ ചിത്രങ്ങളടക്കം മാധ്യമങ്ങളില്‍ വന്നിട്ടും അവരെ കോടതിയില്‍ ഹാജരാക്കിയില്ല എന്നു പറഞ്ഞാല്‍ ഒന്നെങ്കില്‍ അവരെ അറസ്റ്റു ചെയ്തിട്ടില്ല, അല്ലെങ്കില്‍ അവരെ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയാണ്. പ്രതികളെ പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണം. സംഭവത്തില്‍ സിപിഎമ്മിന് പേടിക്കാനൊന്നുമില്ലെങ്കില്‍ അവരത് സിബിഐ അന്വേഷണത്തിനു വിടട്ടേയെന്നും അദ്ദേഹം പറഞ്ഞു

 

Top