യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശന്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

കൂടാതെ, കേരളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നേതൃയോഗത്തില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടന്നുവെന്നും യു ഡി എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആര്‍ക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് വി ഡി സതീശന്റെ നിര്‍ദ്ദേശം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. സെപ്റ്റംബര്‍ 22 ന് മുഴുവന്‍ ദിന യു ഡി എഫ് യോഗം നടത്തും. വിവിധ വിഷയങ്ങളില്‍ ഈ മാസം 20 ന് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. ഇതിനിടെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Top